ലോറിയിൽ കടത്തിയ 42 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
Nov 20, 2023, 22:15 IST

കോഴിക്കോട്: ലോറിയിൽ കടത്തിയ 42 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. മലാപ്പറമ്പ് ജങ്ഷനില്‍ നിന്നാണ് രണ്ട് കിലോ വീതമുള്ള പാക്കറ്റുകളായി ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് എന്‍ഫോഴ്സ്മെന്റും ആന്റി നാർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
സംഭവത്തിൽ ലോറി ഡ്രൈവര്‍ നൊച്ചാട് കല്പത്തൂര് കൂരാന് തറമ്മല്‍ രാജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ ടാർപോളിന്‍ ഷീറ്റിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. റിമേഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസര്‍മാരായ യു.പി. മനോജ് കുമാര്‍, പി.കെ. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എൻ.എസ്. സന്ദീപ്, പി.പി. ജിത്തു, പി. വിപിന്‍, മുഹമ്മദ് അബ്ദുല്‍ റഊഫ്, സാവിഷ്, പി.കെ. ജിഷ്ണു, പ്രബീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
