

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ ജേതാക്കളായ 2 ഇതര സംസ്ഥാന വിദ്യാർഥികളെ കൂടി ദേശീയ സ്കൂൾ മീറ്റിനുള്ള ടീമിൽ നിന്ന് പുറത്താക്കി. പ്രായത്തട്ടിപ്പ് വ്യക്തമായതിനാലാണ് സബ് ജൂനിയർ വിഭാഗത്തിൽ തിരുനാവായ നവാമുകുന്ദ സ്കൂളിനായി മത്സരിച്ച നീരജ്, അഭയ് പ്രതാപ് എന്നിവരെ ഒഴിവാക്കിയത്. അഭയ് 80 മീറ്റർ ഹർഡിൽസിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെള്ളിയും നേടിയിരുന്നു. നീരജ് 400 മീറ്ററിൽ സ്വർണവും 100, 200 മീറ്ററുകളിൽ വെങ്കലവുമാണു നേടിയത്.
ഇരുവരും ഹാജരാക്കിയ ആധാർ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണ് വിലക്ക്. ഇരുവർക്കും 20 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ. ഇവർ ടീം പരിശീലന ക്യാംപിൽ എത്തിയിട്ടുമില്ല. ഇതോടെ സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പിൽ പിടിയിലായവരുടെ എണ്ണം 5 ആയി. ഇതിൽ 2 പേർ കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെയും 3 പേർ നവാമുകുന്ദ സ്കൂളിലെയും വിദ്യാർഥികളാണ്.
സീനിയർ വിഭാഗത്തിൽ മത്സരിച്ച ജ്യോതി ഉപാധ്യായയുടെ ഫലം മേളയ്ക്കിടെ തന്നെ തടഞ്ഞിരുന്നു. മെഡലും സമ്മാനിച്ചിരുന്നില്ല. മറ്റു 4 പേർക്കും മെഡലുകളും സമ്മാനത്തുകയും നൽകിയിരുന്നു. ഇവരുടെ മെഡലും സമ്മാനത്തുകയും സ്കൂളുകൾ വഴി മടക്കി വാങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ പറഞ്ഞു.