പാലക്കാട്: ചിറ്റൂരിൽ പതിനാലുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മകൻ ലക്ഷ്മണൻ ആണ് മരിച്ചത്. ലക്ഷ്മണന്റെ ഇരട്ട സഹോദരനായ രാമനെ കാണാതായിട്ടുണ്ട്. ഇരുവരും ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.(14-year-old found dead in pond in Palakkad, Search underway for twin brother)
ഇന്നലെ വൈകുന്നേരം മുതലാണ് ഇരട്ടക്കുട്ടികളായ രാമനെയും ലക്ഷ്മണനെയും വീട്ടിൽ നിന്ന് കാണാതായത്. പതിവുപോലെ ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽ നിന്ന് പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. അതിനുശേഷമാണ് കാണാതായത്.
ചിറ്റൂർ ശിവൻകോവിലിലെ കുളത്തിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. രാമന്റെ വസ്ത്രങ്ങൾ കുളക്കരയിൽ കണ്ടെത്തിയിട്ടുണ്ട്. രാമനുവേണ്ടിയുള്ള തിരച്ചിൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് തുടരുകയാണ്.
ലക്ഷ്മണനും രാമനും നീന്തൽ അറിയില്ല. കുളിക്കാനല്ല, മറിച്ച് മീൻ പിടിക്കാനായി ഇവർ കുളത്തിലിറങ്ങിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്നും പോലീസ് അനുമാനിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ രാമനെ കണ്ടെത്തിയ ശേഷം മാത്രമേ വ്യക്തമാകൂ.