11കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; 28 കാരൻ അറസ്റ്റിൽ

crime scene
കൂത്തുപറമ്പ്: പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ ഫൈസൽ എന്ന 28 കാരണാണ് പിടിയിലായത്. ഈ മാസം 17നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പഠനത്തിനായി മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കിൽ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാളുടെ പിടിയിൽ നിന്ന് രക്ഷപെട്ട കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പ്രതിയെ വീണ്ടും ഇതേ സ്‌ഥലത്ത് കണ്ടപ്പോൾ കുട്ടി ഇയാളെ കാണുകയും ബൈക്കിന്റെ നമ്പർ പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. തുടർന്ന് നീലേശ്വരം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ശിവപുരം സ്വദേശിയായ ഫൈസലാണെന്ന് കണ്ടെത്തി. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്ത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മദ്രസ അധ്യാപകനായിരുന്ന ഇയാൾക്കെതിരെ 2015ൽ മദ്രസയിലെ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് മാലൂർ പോലീസ് സ്‌റ്റേഷനിൽ കേസുണ്ട്.

Share this story