ഓഗസ്റ്റ് 16ന് 10000 പേർ പങ്കെടുക്കുന്ന തീര നടത്തം സംഘടിപ്പിക്കും : കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ

 ഓഗസ്റ്റ് 16ന് 10000 പേർ പങ്കെടുക്കുന്ന തീര നടത്തം സംഘടിപ്പിക്കും : കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ
 

എറണാകുളം: സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഓഗസ്റ്റ് 16ന് നിർവഹിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. 10,000 പേരെ പങ്കെടുപ്പിച്ച് വിപുലമായി ആഘോഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന പരിപാടികളുടെ കൂടിയാലോചന സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി  ഓഗസ്റ്റ് 19ന് സ്കൂൾ കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 16ന് വൈകിട്ട് കുഴുപ്പിള്ളി ബീച്ചിലാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന തീരനടത്തം സംഘടിപ്പിക്കുന്നത്. ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ തുടങ്ങിയവരെ പദ്ധതിയുടെ ഭാഗമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും പരിപാടിയുടെ ഭാഗമാക്കും.

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ശുചിത്വസാഗരം സുന്ദരതീരം പദ്ധതി നടപ്പാക്കുന്നത്. സെപ്തംബർ 18 ന് സംസ്ഥാന വ്യാപകമായി ജനകീയ പങ്കാളിത്തത്തോടെ കടൽ തീരം വൃത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ പ്രചരണാർത്ഥമാണ് തീരനടത്തം സംഘടിപ്പിക്കുന്നത്.  മെഴുകുതിരി നടത്തം, ബോധവൽക്കരണ ക്ലാസുകൾ, പ്ലക്കാർഡ് ജാഥ തുടങ്ങി പദ്ധതിയുടെ വിജയത്തിനായി വിവിധ മാർഗങ്ങൾ സ്വീകരിക്കാൻ ആലോചന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി  സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവേൽ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എ.ബി ഷൈമി, എറണാകുളം ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, ഫിഷറീസ് വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ എസ് ജയശ്രീ, സുപ്രണ്ട് പി. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.

Share this story