ഡിവൈഎഫ്ഐ ചെയ്തത് മാതൃകാപരമായ കാര്യം; കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരെ തല്ലിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കണ്ണൂർ: പഴയങ്ങാടിയിൽ ഡി.വൈ.ഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനിനു മുന്നിൽ അകപ്പെട്ടവരെ രക്ഷിക്കുന്ന പോലെയാണ് നവകേരള സദസ്സ് ബസിനു മുന്നിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവര്ത്തകരെ മാറ്റിയത്. അത് മാതൃകാപരമായ പ്രവർത്തി ആണെന്നും ആ നന്മ തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിഷേധക്കാർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി. പ്രതിഷേധമല്ല ഒരു തരം ആക്രമണമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്. ഇതെല്ലാം താൻ ഉൾപ്പടെയുള്ളവർ ബസിലിരുന്ന് കാണുന്നുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിച്ചു മാറ്റിയ ശേഷം ഡി.വൈ.എഫ്.ഐക്കാർ പ്രതിഷേധക്കാരെ ചെയ്തത് എന്തായിരുന്നുവെന്ന ചോദ്യത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചെടിച്ചെട്ടി വരെ ഉപയോഗിച്ച് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.