ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താൻ ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം

ഇടുക്കി: ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താനായി ഇന്ന് യോഗം ചേരും. അധ്യക്ഷതയിൽ വൈകിട്ട് നാല് മണിക്കാണ് കളക്ടറുടെ യോഗം ചേരുന്നത്. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടിൽ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് യോഗം ചേരുന്നത്.

കഴിഞ്ഞഴ്ചയായിരുന്നു ഇടുക്കി ഡാമിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് എന്നയാൾ കടന്നുകയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയിത്. ഇയാൾ ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകവും ഒഴിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ ഇയാളുടെ പ്രവർത്തികൾ പുറത്തറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒറ്റപ്പാലം സ്വദേശിയാണെന്ന് മനസ്സിലായത്. ഇതിനിടെ ഇയാൾ വിദേശത്തേക്ക് കടന്നു. മെറ്റൽ ഡിറ്റക്ടർ വരെ ഉപയോഗിച്ചുള്ള പൊലീസിന്റെ കർശന പരിശോധന മറികടന്ന് ഇയാൾ താഴുകളുമായി അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയായിട്ടാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.