“എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ്”; കമിതാക്കളുടെ ജീവൻ കവർന്ന സോഡിയാക് കില്ലർ | Zodiac Killer

“എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ്”; കമിതാക്കളുടെ ജീവൻ കവർന്ന സോഡിയാക് കില്ലർ | Zodiac Killer
Updated on

കുറ്റവാളികൾ എത്ര കണ്ട വലിയ വിദഗ്ദ്ധനായാലും ഒരു തെളിവെങ്കിലും  അവശേഷിപ്പിക്കുമെന്നതാണ് പൊതുവായി പറയപ്പെടുന്നത്. എന്നാൽ ഒരു കൊലയാളി അയാൾ ചെയ്ത എല്ലാ കൊലപാതങ്ങളുടെയും കണക്കുകൾ സ്വയം പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തുന്നു. തെളിവുകൾ ലഭിച്ചിട്ട് പോലും പോലീസിന് മുന്നിൽ അയാൾ ചോദ്യചിഹ്നമായി തുടർന്നു. അമേരിക്കയെ ഭീതിയിൽ ആഴ്ത്തിയ  സോഡിയാക് കില്ലറും (Zodiac Killer) ചുരുളഴിയാത്ത രഹസ്യങ്ങളും.

1968 ഡിസംബർ 20 കാലിഫോർണിയിലെ ഹെർമൻ തടാകത്തിന് സമീപം കമിതാക്കളായ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ കാറിനുള്ളിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. വളരെ അപ്രതീക്ഷിതമായി എവിടെനിന്നോ വേണ്ടിയുണ്ടകൾ കാറിന്റെ ചില്ലുകൾ തകർത്ത് ഇരുവരുടെയും ജീവൻ കവർന്നു. ഒട്ടും വൈകാതെ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേരുന്നു. കൊലയാളി ഒരു സ്നൈപ്പറാണ് എന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. ബെറ്റി ലൂ ജെൻസണും ഡേവിഡ് ആർതർ ഫാരഡെയുമാണ് കൊല്ലപ്പെട്ടത്. പോലീസ് കാര്യമായ പരിശോധന നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിക്കുന്ന ഒരു തെളിവും അവർക്ക് ലഭിച്ചിരുന്നില്ല. ഒരാഴ്‌ചയ്‌ക്ക് ശേഷം പോലീസ് അന്വേഷണം അവസാനിപ്പിച്ചതോടെ കേസ് എഫ്ബിഐ ഏറ്റെടുക്കുന്നു.

പോലീസിനെ പോലെ എഫ്ബിഐയും പ്രതിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ആരാകും പ്രതി, എന്തിനാകും, എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവശേഷിച്ചു. കൊല്ലപ്പെട്ട ആ രണ്ട് വിദ്യാർത്ഥികൾക്കും ഒരുതരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നതുമില്ല. സാക്ഷി മൊഴികളോ തെളിവുകളായ ഇല്ലാതെ ആ കേസ് ഒരു അടഞ്ഞ അധ്യായമായി മാറി. ഏകദേശം ഏഴുമാസങ്ങൾക്ക് ശേഷം വീണ്ടും രണ്ട് കമിതാക്കൾ കൂടി കൊല്ലപ്പെടുന്നു. 1969 ജൂലൈ 4, വല്ലെഹുവിൽ (Vallejo) നിർത്തിയിട്ട കാറിനുള്ളിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ഡാർലിൻ ഫെറിനും മൈക്കൽ മാഗോയക്ക് നേരെയും ഏതോ അജ്ഞാതൻ വെടിയുതിർക്കുന്നു. ഡാർലിൻ ഫെറിൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൈക്കൽ മാഗോയെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യത്തെ കേസിന് സമാനമായിരുന്നു ഈ കൊലപാതകവും, സാക്ഷികളോ തെളിവുകളോ ഈ കേസിനും ഉണ്ടായിരുന്നില്ല.

ആക്രമണം നടന്ന് വളരെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വല്ലെഹു പോലീസ് സറ്റേഷനിൽ ഒരു ഫോൺ കോൾ വരുന്നു. കോൾ എടുത്ത് സംസാരിക്കുവാൻ ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥൻ അകെ ഞെട്ടിപോയിരുന്നു, ആരാണ് എന്ന് ചോദിക്കുന്നത്തിന് മുൻപ് തന്നെ താനാണ് വല്ലെഹുവിൽ നടന്ന ആക്രമണത്തിന് പിന്നിൽ എന്നും ഏഴു മാസങ്ങൾക്ക് മുൻപ് ഹെർമൻ തടാകത്തിലെ കൊലപാതകത്തിന് പിന്നിലും താൻ തന്നെയാണ് എന്ന് വെളിപ്പെടുത്തുന്നു. ഫോൺ കാൾ ട്രെയ്സ് ചെയ്ത പോലീസ് എത്തിയതോ വല്ലെഹുവിൽ ആക്രമണം നടന്ന സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയുള്ള ഫോൺ ബൂത്തിൽ, ഇവിടെയും പ്രതി ഒരു തെളിവും അവശേഷിപ്പിച്ചില്ല.

പത്രങ്ങളെ തേടിയെത്തിയ കത്തുകൾ

1969 ഓഗസ്റ്റ് 1 കാലിഫോർണിയയിലെ മൂന്ന് പ്രധാന പ്രസ്സുകളിൽ ഓരോ കത്തുകൾ വീതം ലഭിക്കുന്നു. മൂന്ന് കത്തിലെയും വിഷയം ഒന്ന് തന്നെയായിരുന്നു. "കഴിഞ്ഞ ക്രിസ്മസിന് ഹെർമൻ തടാകത്തിലെ 2 കൗമാരക്കാരുടെയും കഴിഞ്ഞ ജൂലൈ 4 ന് മരണപ്പെട്ട പെൺകുട്ടിയുടെയും കൊലയാളി ഞാനാണ്" എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഈ കത്തുകളോടൊപ്പം 408 ചിഹ്നങ്ങൾ ഉള്ള ഓരോ ക്രിപ്റ്റോഗ്രാമും   (cryptogram) ഉണ്ടായിരുന്നു, ക്രിപ്റ്റോഗ്രാമിനൊപ്പം ഒരു ഭീഷണിയും വാചകവും. അടുത്ത ദിവസം അച്ചടിക്കുവൻ പോകുന്ന പത്രത്തിന്റെ ആദ്യ പേജിൽ ഈ ക്രിപ്റ്റോഗ്രാം അച്ചടിക്കണം ഇങ്ങനെ ചെയ്തില്ലെങ്കിൽ ഒരു കൊലപാതക പരമ്പര തന്നെ താൻ നടത്തും എന്നതായിരുന്നു ഭീഷണി.

ഈ കത്ത് പോലീസോ പത്രമോ അത്ര കാര്യമായി കണ്ടില്ല. ആരോ കാണിച്ചുകൂട്ടുന്ന പ്രഹസനം മാത്രമാണ് ഇതെന്ന് അവർ കരുതി. പക്ഷെ അടുത്ത ദിവസം
ക്രോണിക്കിൾ എന്ന പത്രം ആ വാർത്ത പ്രസിദ്ധികരിച്ചത്. എന്നാൽ ഒട്ടുംവൈകത്തെ ഓഗസ്റ്റ് 4 ന് ഒരു പത്രത്തിന് കൂടി ഒരു അജ്ഞാത കത്ത് ലഭിക്കുന്നു. പക്ഷെ ഈ കത്തിൽ കൊലപാതകി അയാളെ തന്നെ അഭിസംബോധന ചെയ്തത് 'സോഡിയാക് കില്ലർ' എന്നായിരുന്നു. ആദ്യത്തേത് പോലെ വാചകങ്ങളോ ക്രിപ്റ്റോഗ്രാമോ ആയിരുന്നില്ല അതിൽ, മറിച്ച് അന്നുവരെ പോലീസിന് മാത്രം അറിയാവുന്ന കൊലപാതകങ്ങളുടെ തെളിവുകൾ ഉൾപ്പെടെയാണ് ആ കത്തിൽ ഉണ്ടായിരുന്നത്. അന്നാണ് പോലീസിന് മനസ്സിലാകുന്നത് ആരോ വെറുതെ എഴുതി പടയ്ക്കുന്നത് അല്ല ആ കത്തുകൾ, കൊലപാതകി ' സോഡിയാക് കില്ലർ' തന്നെയാണ് കത്തുകൾക്ക് പിന്നിൽ എന്ന്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു. കാലിഫോർണിയ മുഴുവൻ പോലീസ് അരിച്ചു പറക്കുന്നു. പത്രങ്ങൾക്ക് ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും പോലീസിന് നിരാശ മാത്രമായിരുന്നു പ്രതിഫലം.

സോഡിയാക് കില്ലേറും ആരാച്ചാരും

1969 സെപ്തംബർ 27, ബെറിയെസ്സ തടാകത്തിന് ( Lake Berryessa) സമീപം വിശ്രമിക്കുകയായിരുന്ന രണ്ട് കോളേജ് വിദ്യാർത്ഥികളായ ബ്രയാന്റെയും സെസീലിയുടെയും അടുത്തേക്ക് ആരാച്ചാരുടെ വേഷം ധരിച്ച കൈയിൽ ഒരു കത്തിയുമായി ഒരാൾ നടന്നു വരുന്നു. താൻ ജയിൽ ചാടി വന്ന തടവ് പുള്ളിയാണ് എന്നും തനിക്ക് പണം വേണമെന്നും അവരോട് ആവശ്യപ്പെടുന്നു. അവർക്ക് ചിന്തിക്കുവാൻ പോലും സമയം കൊടുക്കാതെ അയാൾ അവരെ ആ കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇരുവരുടെയും നിലവിളകൾ കേട്ട് അവിടേക്ക് പ്രദേശവാസികൾ എത്തിയപ്പോഴേക്കും ആക്രമി ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സെസീലി മരണപ്പെട്ടിരുന്നു.

ഇത്തവണ ഒന്നും അവശേഷിപ്പിക്കാതെയല്ല കൊലപാതകി പോയത്, ബ്രയാന്റെ കാറിൽ മുൻപ് നടന്ന രണ്ട് കൊലപാതകങ്ങളുടെയും അന്ന് നടന്ന ആക്രമണത്തിന്റെയും സമയവും ദിവസവും അയാൾ കുറിച്ചിട്ടിരുന്നു. 1969 ഒക്ടോബറിൽ മറ്റൊരാളെയും സോഡിയാക് കില്ലർ കൊലപ്പെടുത്തുന്നു. പക്ഷെ ഈ കേസിൽ കൊലപാതകിയെ ഒരുപറ്റം വിദ്യാർത്ഥികൾ കാണുന്നു. അവർ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ഇരുണ്ട ജാക്കറ്റ് ധരിച്ച ഒരു വെളുത്ത നിറമുള്ള പുരുഷനായിരുന്നു. കുട്ടികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും അവിടെയും സോഡിയാക് കില്ലേറിനെ പിടികൂടുവാൻ വേണ്ടത്ര തെളിവുകൾ കിട്ടുന്നില്ല.

ഈ കൊലപാതകത്തിന് ശേഷവും തുടരെ പത്രങ്ങൾക്ക് കത്തുകൾ വന്നു കൊണ്ടേയിരുന്നു, ഭീഷണിയും, സൂചനയും നിറഞ്ഞതായിരുന്നു അവ. എന്നാൽ ഇവയിൽ നിന്നും പോലീസിന് ഒരു തുമ്പും ലഭിക്കുന്നുമില്ല. സംശയത്തിന്റെ നിഴലിൽ പോലീസുകാർ നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുന്നു. പ്രതി എന്ന് തെളിയികുവാൻ വേണ്ടത്ര തെളിവുകൾ ഇല്ലാത്തത് കൊണ്ട് ഇവരെയെല്ലാം വെറുതെ വിടുന്നു. സോഡിയാക് കില്ലർ അയച്ച ഒരു കത്തിൽ അയാൾ 37 ഓളം മനുഷ്യരെ കൊന്നു എന്ന് സ്വയം അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അവ ഏഴായി ചുരുങ്ങി. ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം യാതൊരു തുമ്പും കിട്ടാതെ വന്നതോടെ 2004 ൽ പോലീസ് കേസ് ക്ലോസ് ചെയുന്നു എന്നാൽ 2007 ൽ വീണ്ടും അന്വേഷണം ആരംഭിച്ചിരുന്നു. അപ്പോഴും പ്രതേകിച്ച് പ്രതിയിലേക്ക് നയിക്കുന്ന ഒന്നും തന്നെ പോലീസിന് ലഭിച്ചില്ല.

അഞ്ച് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ആരാണ് സോഡിയാക്ക് കില്ലർ ? . ത്രയും പേരുടെ ജീവൻ കവരാൻ അയാളെ പ്രയരിപ്പിച്ചത് എന്താകാം ? സോഡിയാക് കില്ലർ കവർന്ന ജീവനുകൾ എത്ര ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുടെ നീണ്ട നിര തന്നെ ഈ നിഗൂഢ കൊലപാതകി ബാക്കി വയ്കുന്നു. "എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ്, കാരണം അതിലാണ് കൂടുതൽ ആനന്ദം , മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും അപകടകാരിയായ മൃഗം" ഇവ സോഡിയാക് കില്ലരുടെ കത്തിലെ വാചകങ്ങൾ ആയിരുന്നു. മനുഷ്യർ മരണപ്പെടുന്നതിൽ ഏറെ ആനന്ദം കണ്ടെത്തിയിരുന്ന സോഡിയാക് കില്ലർ പത്രങ്ങൾക്ക് അയച്ച ക്രിപ്റ്റോഗ്രാം പോലെ ചുരളഴിക്കുവാൻ കഴിയാതെ തുടരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com