കൊച്ചിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും റെയ്ഡ്, സ്ഥാപനങ്ങൾക്കെതിരെ കേസ്

കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും വ്യാപക റെയ്ഡ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ് നടന്നത്. 83 ആയുർവേദ സ്പാകളിലും മസ്സാജ് പാർലറുകളിലുമാണ് വ്യാപക പരിശോധന.
ഇന്നലെയാണ് കൊച്ചിയിലെ ആയുർവേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പരിശോധന നടന്നത്. 83 ആയുർവേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലുമാണ് പരിശോധന നടന്നത്. നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കേസെടുത്തു.

പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന എസൻഷ്യല്‍ ബോഡി കെയര്‍ ബ്യൂട്ടി ആന്‍റ് സ്പാ എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനെതിരെ മയക്കുമരുന്ന് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. അതേസമയം, നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.