Times Kerala

കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല: ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണമെന്ന് ഹൈക്കോടതി

 
ഹൈക്കോടതി
കൊച്ചി: കൊലക്കേസ് പ്രതികളായി 13 വർഷമായി ജയിലിൽ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്. രണ്ടുപേർക്കും അറസ്റ്റിലാവുന്ന സമയത്ത് പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല. ഡിവിഷൻ ബെഞ്ച് പ്രായത്തിന്‍റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ഇടപെടലുണ്ടായത് 2011ലെ ഇടുക്കി പളനിസ്വാമി കൊലക്കേസിലാണ്. പതിനാറും പതിനേഴും വയസുണ്ടായിരുന്നവരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരും ജയിലിൽ കഴിയുന്നതായി കണ്ടെത്തിയത് നാഷണൽ ലീഗൽ സർവീസ് സൊസൈറ്റി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന പ്രായപൂർത്തിയാകാത്തവരുടെ കണക്കെടുപ്പിനായി നിയോഗിച്ച സമിതി നടത്തിയ പരിശോധനയിലാണ്. തൊടുപുഴ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിലും ഇത് സ്ഥിരീകരിക്കുകയുണ്ടായി. തുടർന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സർക്കിൾ ഇൻസ്പെക്ടർമാർ എം വി ജോയ്, പി ടി കൃഷ്ണൻ കുട്ടി എന്നിവർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തുന്നത്. 13 വർഷം ജയിലിൽ കഴിഞ്ഞതിനാൽ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

Related Topics

Share this story