Times Kerala

എ.ഐ സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം രാജ്യത്തെ പ്രധാന കേന്ദ്രമാകും: മുഖ്യമന്ത്രി

 
 സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്  കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. 

ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെന്‍ എഐ ഹബ്ബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോണ്‍ക്ലേവ്. ജെന്‍ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ  പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തില്‍ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയില്‍ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. 

സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Topics

Share this story