

വിടുതലൈ 2 ൻ്റെ പ്രമോഷനുകൾക്കിടെ, മറ്റ് അഭിനേതാക്കളുടെ സിനിമകളുടെ സമീപകാല പരാജയങ്ങളെക്കുറിച്ചുള്ള ഒരു അവതാരകൻ്റെ ചോദ്യത്തിന് വിജയ് സേതുപതി രൂക്ഷമായി പ്രതികരിച്ചു. കങ്കുവയുടെയും ഗാട്ട കുസ്തിയുടെയും പരാജയങ്ങളെകുറിച്ച് വിടുതലൈ 2 ൻ്റെ തെലുഗ് സംസ്ഥാങ്ങളിലെ പ്രൊമോഷനെത്തിയപ്പോൾ ഒരു തെലുഗ് മാധ്യമം ആണ് ചോദിച്ചത്. ഇതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകുന്നതിനുപകരം, പ്രമോഷൻ സമയത്ത് പരാജയങ്ങളെക്കുറിച്ച് ചോദിക്കുന്നതിന് പിന്നിലെ ഉദ്ദേശശുദ്ധിയെ സേതുപതി ചോദ്യം ചെയ്തു.
"പ്രമോഷൻ സമയത്ത് ഞാൻ എന്തിന് ഇത്തരം കാര്യങ്ങൾ സംസാരിക്കണം? പരാജയങ്ങൾ ഞാനുൾപ്പെടെ എല്ലാവർക്കും സംഭവിക്കാറുണ്ട്. ആളുകൾ ട്രോളുന്നു, പക്ഷേ പരാജയം ജീവിതത്തിൻ്റെ ഒരു സാധാരണ ഭാഗമാണ്. എല്ലാ ബിസിനസ്സ് സംരംഭവും വിജയിക്കുന്നില്ല. ആരെങ്കിലും ഒരു ചെറിയ ഹോട്ടൽ തുടങ്ങുമ്പോൾ, അത് വലുതായി വളരണമെന്ന് അവർ ആഗ്രഹിക്കുന്നു. സിനിമകൾക്കും ഇത് ബാധകമാണ്. റിലീസിന് മുമ്പ്, ഫീഡ്‌ബാക്ക് ലഭിക്കാനും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാനും ഞങ്ങൾ ചുറ്റുമുള്ള ആളുകൾക്ക് ഞങ്ങളുടെ സിനിമകൾ കാണിക്കും " അദ്ദേഹം പറഞ്ഞു. ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി.
വിജയ് സേതുപതി, മഞ്ജു വാര്യർ, സൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിടുതലൈ രണ്ടാം ഭാഗം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും. വെട്രി മാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആർഎസ് ഇൻഫോടെയ്ൻമെൻ്റ് ബാനറിൽ എൽറെഡ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്.