‘കാന്താര-2’ ന്റെ സെറ്റിൽ അടുത്ത മരണം. മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു. ജൂനിയര്‍ ആർടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന നിജുവിന് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഓഡിഷൻ വഴിയാണ് ഈ സിനിമയിൽ നിജുവിന് അവസരം ലഭിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് നിജു. തൃശ്ശൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരിൽ ഒരാളും. 25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു.
മുൻനിര മിമിക്രി കലാവേദികളുടെ ഭാഗമായി നിരവധി വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷങ്ങൾക്കു മുൻപ് കേരളത്തിലെ മിമിക്രി കലാകാരന്മാർ സംഘടിപ്പിച്ച റോഡ് ഷോയിൽ ഭാഗമായതോടെയാണ് പ്രഫഷനൽ മിമിക്രി വേദിയിലേക്ക് നിജു എത്തിയത്.