Times Kerala

നായികയുടെ സൗന്ദര്യത്തെ ചോദ്യം ചെയ്‌തു;ചുട്ട മറുപടി നൽകി സംവിധായകൻ

 
safqaef

കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ നവംബർ 10 നു റിലീസ് ആയി തീയേറ്ററുകളിൽ വൻവിജയം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് ജി​ഗർതണ്ട ഡബിൾ എക്സ്. എസ് ജെ സൂര്യ, രാഘവ ലോറൻസ് അടക്കം മികച്ച താരനിരയായിരുന്നു  ചിത്രത്തിൽ അണിനിരന്നത്. നായികയായെത്തിയ മലയാളിതാരം നിമിഷ സജയന്റെ പ്രകടനവും ശ്രദ്ധനേടിയിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷ  പരിപാടിക്കിടയിൽ  നായികയായ നിമിഷയെ തരംതാഴ്ത്തി സംസാരിച്ച യൂട്യുബർക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ  സംവിധായകൻ കാർത്തിക്  സുബ്ബരാജ്. 

'നിമിഷ സജയൻ അത്ര സുന്ദരിയല്ലെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്തത്?'  എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ''നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. പക്ഷേ ഒരാൾ സുന്ദരി അല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റായാണ്,'' എന്നായിരുന്നു കാർത്തിക്ക് നൽകിയ മറുപടി. 

വേദിയിലിരുന്ന എസ്ജെ സൂര്യയും രാഘവ ലോറൻസും അടക്കം കൈയ്യടിച്ചാണ് കാർത്തിക്കിന്റെ മറുപടിയ്ക്ക്  പിന്തുണ നൽകിയത്. പരിപാടിയിൽ പങ്കെടുത്ത സന്തോഷ് നാരായണൻ ഈ സംഭവത്തെക്കുറിച്ച് പിന്നീട് എക്സിൽ പോസ്റ്റും പങ്കുവെച്ചിരുന്നു. മോശം പരാമർശത്തിലൂടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു യൂട്യൂബറുടേത് എന്നാണ് സന്തോഷ് നാരായണൻ എക്‌സിൽ കുറിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് യൂട്യുബർക്കെതിരെ  ഇപ്പോൾ പ്രതികരണവുമായി വരുന്നത്. കാർത്തിക്കിന്റെ ഉടനടിയുള്ളതും കൃത്യവുമായ മറുപടിയെ ധാരാളം പേർ പ്രശംസിക്കുന്നുമുണ്ട്. സക്സസ് മീറ്റിൽ നിമിഷ പങ്കെടുത്തിരുന്നില്ല.

അടുത്തിടെ പുറത്തിറങ്ങിയ സിദ്ധാർത്ഥ് നായകനായ തമിഴ്  ചിത്രം  'ചിത്ത'യിലെ  നിമിഷയുടെ പ്രകടനം മികച്ച ആരാധക പ്രശംസ നേടിയിരുന്നു. 2017ൽ പുറത്തിറങ്ങിയ  C/O സൈറ ബാനു എന്ന മലയാളം  ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് നിമിഷ മലയാളസിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഒരു തെക്കൻ തല്ലു കേസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മികച്ച അഭിനയമാണ് നിമിഷ കാഴ്ചവച്ചത്.

ജി​ഗർതണ്ട ഡബിൾ എക്സിൽ  മലയരസി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചിരിക്കുന്നത്. അല്ലിയൻ സീസറിന്റെ (രാഘവ ലോറൻസ്) ഭാര്യയാണ് മലയരസി.

Related Topics

Share this story