

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. ‘നിലാ കായും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തിറങ്ങിയത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. സിന്ധു ഡെല്‍സനാണ് ഗാനം ആലപിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ഒരുക്കിയിരിക്കുന്നത് അന്ന റാഫിയാണ്.
ചിത്രത്തിലെ തമിഴ് ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റെട്രോ വൈബിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പഴയ ഇളയ രാജ മ്യൂസിക് വൈബാണ് ഈ പാട്ടിന് എന്ന കമന്‍റുകളും വരുന്നുണ്ട്. ആശങ്കയോടെ നിൽക്കുന്ന വിനായകനെയും ചിരിക്കുന്ന മമ്മൂട്ടിയേയും ലിറിക്കൽ വിഡിയോയിൽ കാണാം. മമ്മൂട്ടിയുടെ ചിരിയിൽ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ജിതിന്‍.കെ.ജോസാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുക. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ.കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച ‘കളങ്കാവൽ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.