ഒടിടിയിൽ റിലീസ് ചെയ്ത ‘എല്‍’ സിനിമ മത വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നതെന്ന് ആക്ഷേപം | L Movie

സിനിമ കണ്ടാല്‍ സത്യം വെളിപ്പെടുമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍
L Movie
Updated on

പ്രേക്ഷക സ്വീകാര്യതയോടെ ഒടിടിയില്‍ റിലീസ് ചെയ്ത ‘എല്‍’ എന്ന ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമെന്ന് ആരോപിച്ച് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രാചീന ജൂത സംസ്ക്കാരത്തിന്‍റെയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെയുമൊക്കെ ചില മിത്തുകളെ പുനരാവിഷ്ക്കരിക്കുന്ന 'എല്‍' ഒരു പ്രൊപ്പഗാണ്ട ചിത്രമെന്നാണ് ആരോപണം.

കാലഹരണപ്പെട്ട ജൂതമിത്തുകള്‍ പോസ്റ്റ് മോഡേണ്‍ കാലത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത് അണിയറപ്രവര്‍ത്തകരുടെ ചില നിഗൂഢ ലക്ഷ്യമെന്നും ആരോപണമുണ്ട്. ജൂദ ബൈബിളായ തോറയിലെ ചില സൂചകങ്ങളും ഉപകഥകളുമൊക്കെ സിനിമയില്‍ പറയുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിൽ ഇല്ലാത്ത ചില കാര്യങ്ങൾ, ജൂദ മത ഗ്രന്ഥത്തെ വ്യാഖ്യാനിച്ചു പറയുന്നത് കൊണ്ടാണ് ഇതൊരു പ്രൊപ്പഗാണ്ട സിനിമയെന്ന ആരോപണം ഉയരുന്നത്. എല്‍ എന്ന സിനിമ പ്രേക്ഷകര്‍ തള്ളിക്കളയണമെന്നുവരെ ആരോപണം ഉയരുന്നുണ്ട്.

ചിത്രം അവസാനിക്കുന്നതുപോലും നിഗൂഢമായ മറ്റൊരു കഥയിലേക്ക് വിരല്‍ ചൂണ്ടുകയാണെന്നും ആക്ഷേപമുണ്ട്. അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയും, മത വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുകയും, ബൈബിള്‍ പോലുള്ള വിശുദ്ധ ഗ്രന്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ ജൂദ ബൈബിൾ ഉദ്ധരിച്ചു വ്യാഖ്യാനിക്കുകയും ചെയ്യുന്ന സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് വിശ്വാസി സമൂഹത്തിന്‍റെ ഭാഗത്ത് നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സിനിമ നല്ല രീതിയില്‍ പ്രദര്‍ശനം നടക്കുന്നതിന് എതിരെയുള്ള ചില ആള്‍ക്കാരുടെ അസംതൃപിതിയാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആക്ഷേപങ്ങളെന്ന് ചിത്രത്തിന്‍റെ രചയിതാക്കളായ ഷോജി സെബാസ്റ്റ്യനും, ഷെല്ലി ജോയിയും ചൂണ്ടിക്കാട്ടുന്നു.

"മിത്തും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാത്തത് ഞങ്ങളുടെ സിനിമയുടെ പരിമിതിയല്ല. എല്‍ എന്ന സിനിമ ഒരു കലാസൃഷ്ടിയാണ്. അത് ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല. സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാകേണ്ടത്. മറ്റ് തരത്തിലുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സിനിമ കാണുവാന്‍ എല്ലാ പ്രേക്ഷകരും തയ്യാറാകണം." - സംവിധായകന്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവ വിശ്വസ മിത്തും യാഥാര്‍ത്ഥ്യങ്ങളും കെട്ടുപിണഞ്ഞുപോകുന്നതാണ് ഈ ത്രില്ലര്‍ മൂവിയുടെ പ്രമേയം. പോപ് മീഡിയയുടെ ബാനറില്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് എല്‍. ക്രൈസ്തവ മിത്തുകളിലൂടെ ചിത്രം സഞ്ചരിക്കുമ്പോഴും സമീപകാല സംഭവങ്ങളോട് ചിത്രം ഏറ്റുമുട്ടുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ റോഡ് മൂവിയായും മറ്റുചിലപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കുടിയാണ് ‘എല്‍’. മലയാളത്തിലെ പ്രഗത്ഭരായ സംഗീതഞ്‌ജരോടൊപ്പം പ്രവർത്തിച്ച സംഗീതസംവിധായകനായ ബ്ലെസ്സൺ തോമസ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് നിന്നുകൊണ്ട് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്ന സിനിമയാണ് ‘എല്‍’.

ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പൻ, സൗണ്ട് മിക്സിംഗ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിംഗ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പിആർഒ: പി ആര്‍ സുമേരന്‍.

Related Stories

No stories found.
Times Kerala
timeskerala.com