ഏറെ കാലത്തിനു ശേഷം ഞാന്‍ കാണുന്ന മികച്ച തമിഴ് സിനിമയായിരുന്നു അത്: മണിരത്‌നം

അടുത്തിടെ കണ്ടതില്‍ ഇഷ്ടപ്പെട്ട തമിഴ് ചിത്രങ്ങളെ പറ്റി തുറന്ന് പറയുകയാണ് സംവിധായകന്‍ മണിരത്‌നം. മാമന്നനും മാവീരവനും കഴിഞ്ഞ ദിവസമാണ് കണ്ടതെന്നും രണ്ടും മികച്ച സിനിമകൾ തന്നെയാണെന്നും മണിരത്‌നം അഭിപ്രായപ്പെട്ടു. കുറെ കാലത്തിനു ശേഷം കണ്ട മികച്ച തമിഴ് സിനിമയാണ് കൂഴങ്കളെന്നും ഗലാട്ട പ്ലസിന്റെ മെഗാ റൗണ്ട് ടേബിളില്‍ അദ്ദേഹം പങ്കുവെച്ചു. വെട്രിമാരന്‍, സുധ കൊങ്കാര, മാരി സെല്‍വരാജ്, മഡോണ്‍ അശ്വിന്‍, പി.എസ്. വിനോദ്‌രാജ് എന്നീ സംവിധായകരും റൗണ്ട് ടേബിളില്‍ പങ്കെടുത്ത മറ്റു സംവിധായകരാണ്.

‘പരിയേറും പെരുമാള്‍ കണ്ടിട്ടുണ്ട്, മാമന്നന്‍ കണ്ടിട്ടില്ല. ഇവിടെ വരുന്നതുകൊണ്ട് ഇന്നലെ മാവീരനും മാമന്നനും കണ്ടു. മികച്ച സിനിമകള്‍ ആണ് രണ്ടും. മാവീരന്‍ വളരെ ഇഷ്ടപെട്ടു.തികച്ചും വ്യത്യസ്തമായ സൂപ്പര്‍ ഹീറോ സ്‌റ്റോറിയായിരുന്നു അത്.വിടുതലൈ സിനിമയുടെയും വലിയ ആരാധകനാണ് ഞാന്‍. വെട്രി മാരന് അദ്ദേഹം ചെയ്ത സിനിമകളെ പറ്റിയെല്ലാം നല്ലവണ്ണം അറിയാം.
ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ കാണാനിടയായ ഒരു മികച്ച തമിഴ് സിനിമയാണ് കൂഴങ്കള്‍. വളരെ സ്‌പെഷ്യലായ സിനിമയാണ് അത്. അതിന്റെ മേക്കിങ് വാക്കുകൾക്കതീതമാണ്.ആക്ടേഴ്‌സ് അല്ലാത്തവരെക്കൊണ്ട് എങ്ങനെയാണ് അത്രയും നീളമുള്ള ഷോട്ട്‌സ് എടുത്തതെന്നതിൽ ആശ്ചര്യം തോന്നി.നമുക്കൊരു മികച്ച ടീമുണ്ട്,’ മണിരത്‌നം പറഞ്ഞു.
2021 ഫെബ്രുവരിയില്‍ പി.എസ്. വിനോദ്‌രാജിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രമാണ് കൂഴങ്കള്‍. പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രത്തിന് വലിയ നിരൂപക പ്രശംസ അന്നേ ലഭിച്ചിരുന്നു. നയന്‍താരയും വിഘ്‌നേഷ് ശിവനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒടുവില്‍ പുറത്ത് വന്ന ചിത്രം. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വമ്പൻ താരനിരയെത്തിയ ചിത്രം തമിഴ് സിനിമാചരിത്രത്തിലെ ബ്രഹ്മാണ്ഡവിജയങ്ങളിലൊന്നായിരുന്നു. എ.ആര്‍. റഹ് മാനായിരുന്നു സംഗീത സംവിധായകൻ.
കമല്‍ ഹാസനാണ് മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ നായകന്‍. കമല്‍ ഹാസന്റെ 234ാമത് ചിത്രമാണിത്.ദുല്‍ഖര്‍ സല്‍മാന്‍, തൃഷ, ജയം രവി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ജി. മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിരാണ് കെ.എച്ച് 234 ന്റെ നിർമ്മാതാക്കൾ.