ടെഹ്റാൻ: വിഖ്യാത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിയെ ഇറാൻ ഭരണകൂടം വീണ്ടും തടവ് ശിക്ഷയ്ക്ക് വിധിച്ചു. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചാണ് ശിക്ഷ. സംവിധായകന്റെ അഭാവത്തിൽ ഒരു വർഷത്തെ തടവിനും യാത്രാവിലക്കിനുമാണ് ശിക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.(Iranian government sentences director Jafar Panahi to one year in prison)
പനാഹിയുടെ അഭിഭാഷകനായ മുസ്തഫ നിലി ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് വർഷത്തേക്ക് ആണ് യാത്രാവിലക്ക്. രണ്ട് വർഷത്തേക്ക് ഏതെങ്കിലും രാഷ്ട്രീയ-സാമൂഹിക ഗ്രൂപ്പുകളിൽ അംഗമാകുന്നതിൽ വിലക്ക് ഉണ്ട്. ഭരണകൂടത്തിനെതിരെ 'പ്രചാരണ പ്രവർത്തനങ്ങളിൽ' ഏർപ്പെട്ടു എന്നതാണ് പനാഹിക്കെതിരായ കുറ്റം. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു. നിലവിൽ പനാഹി രാജ്യത്തിന് പുറത്താണെന്നും അദ്ദേഹം അറിയിച്ചു.
കടുത്ത ഭരണകൂട വിമർശകനായ പനാഹിയെ 2009 മുതൽ പലവട്ടം ഇറാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാരിനെതിരായി സിനിമകൾ എടുക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നടപടികൾ. സിനിമയെടുക്കുന്നതിൽനിന്ന് 2020-ൽ ഇറാൻ അദ്ദേഹത്തെ 20 വർഷത്തേക്ക് വിലക്കിയിരുന്നു. വിലക്കുള്ളപ്പോഴും 'നോ ബെയേഴ്‌സ്' ഉൾപ്പെടെയുള്ള ചിത്രങ്ങൾ പനാഹി രഹസ്യമായി ഷൂട്ട് ചെയ്തിരുന്നു.
ഇറാനിലെ രാഷ്ട്രീയ തടവുകാരുടെ പ്രതികാരവാഞ്ഛയുടെ കഥ പറഞ്ഞ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്' എന്ന സിനിമ കാനിലെ ഏറ്റവും ഉയർന്ന ബഹുമതിയായ പാം ദോർ സ്വന്തമാക്കിയിരുന്നു. ഈ ചിത്രവും രഹസ്യമായി എടുത്തവയിൽ ഉൾപ്പെടുന്നു.