

ദീപാവലി ആഘോഷത്തിന്റെ ചിത്രത്തിൽ വന്ന മോശം കമന്റിന് മറുപടി നൽകി നടൻ സൂരി. ദീപാവലി ദിനത്തിൽ കുടുംബത്തോടൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ സൂരി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. ‘എന്റെ സ്വന്തം രാജക്കൂർ (സൂരിയുടെ ജന്മദേശം) മണ്ണിൽ സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൂരി ചിത്രങ്ങൾ പങ്കുവച്ചത്. ഈ പോസ്റ്റിന് അടിയിലാണ് ഒരാൾ മോശം കമന്റ് ചെയ്തത്.
'തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം’ എന്നായിരുന്നു കമന്റ്. ഇതിന്, "തിണ്ണയിൽ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളിൽ റോഡിൽ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാൻ. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാൻ പഠിച്ചത്. താങ്കളുടെ വളർച്ചയിൽ വിശ്വാസമർപ്പിച്ച് മുന്നേറിയാൽ വിജയം തീർച്ചയായും താങ്കളെയും തേടിവരും." - എന്നാണ് സൂരി മറുപടി നൽകിയത്.
സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടികളാണ് സൂരിയുടെ മറുപടിക്ക് ലഭിക്കുന്നത്. സൂരിയുടെ സിനിമാ ജീവിതത്തെയും കഷ്ടപാടിൽ നിന്ന് വഴിവെട്ടി എത്തിയ വിജയത്തെയും ആരാധകർ അഭിനന്ദിക്കുകയും ചെയ്തു.
തമിഴ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് അഭിനയരംഗത്തേക്ക് എത്തിയ സൂരി കോമഡി വേഷങ്ങളിലൂടെയാണ് പ്രശസ്തി നേടുന്നത്. വെട്രിമാരന്റെ ‘വിടുതലൈ’ സൂരിയുടെ കരിയറിൽ വഴിത്തിരിവായി. നായകനായി അഭിനയിച്ച ‘മാമൻ’ സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിലവിൽ ‘മണ്ടാടി’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സൂരി.