

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കഴിഞ്ഞിരുന്ന താനിപ്പോൾ ആരെയും ആശ്രയിക്കാതെ സന്തോഷമായി ജീവിക്കുന്നുവെന്ന് തുറന്നു പറഞ്ഞു രേണു സുധി. ആറുമാസം മുൻപ് വരെ ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി കൊടുക്കുവാൻ മറ്റുള്ളവരോട് തെണ്ടേണ്ട അവസ്ഥയായിരുന്നു. അന്നൊരു 500 രൂപയ്ക്ക് വേണ്ടി താൻ കൊതിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ആ അവസ്ഥയൊക്കെ മാറിയെന്നും രേണു പറയുന്നു. ഇപ്പോൾ തനിക്ക് നല്ലൊരു ജീവിത സാഹചര്യമുണ്ടെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.
"തന്റെ മക്കൾക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കണമെങ്കിൽ ആരോടെങ്കിലും 500 രൂപ ചോദിക്കണമായിരുന്നു എനിക്ക് അന്നൊക്കെ. ആ സമയത്ത് പലരും സഹായിച്ചിട്ടുണ്ട്. 500 രൂപ ചോദിച്ചപ്പോൾ 1000 രൂപ തന്നവരും ഉണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്.. ലക്ഷങ്ങളോ കോടികളോ ഒന്നും തന്റെ കയ്യിലില്ല. പക്ഷേ 500 രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഒന്നും ഇന്നില്ല. ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും എന്റെയും കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാനുള്ള വരുമാനം ഇന്നെനിക്കുണ്ട്. പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലൻസ് ആയിരുന്നു. പക്ഷേ ഇപ്പോൾ അവസ്ഥയൊക്കെ മാറി. തനിക്ക് ഇഷ്ടം പോലെ വർക്കും ലഭിക്കുന്നുണ്ട്." - രേണു സുധി.
സോഷ്യൽ മീഡിയയിൽ എന്നും വിവാദങ്ങൾക്ക് ഇരയാകുന്ന താരമാണ് രേണു. അടുത്തിടെ ദുബായ് ട്രിപ്പ് പോയപ്പോഴും താരം രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിരുന്നു. ഒരു ബാർ റസ്റ്റോറന്റിൽ മദ്യപന്മാരുടെ മുന്നിൽ ഡാൻസ് ചെയ്തു എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ താനൊരു കലാകാരി ആണെന്നും പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും തെറ്റല്ലെന്നും തന്റെ കുടുംബത്തോട് പറഞ്ഞിട്ടാണ് പോയതെന്നും അവർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് ഉള്ളതെന്നുമാണ് രേണു ചോദിച്ചത്.