ചിത്രീകരണം ഡിസംബറിൽ മുതൽ ;കാന്താര 2

ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും എത്തി ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചത്. റിലീസായി ദിവസങ്ങൾക്കുള്ളിൽതന്നെ ചിത്രം അഗോളതലത്തിൽ ചർച്ചയായി മാറിയിരുന്നു.പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കന്നടയിൽ റിലീസായതിനു ശേഷം മറ്റു ചിലഭാഷകളിൽ കൂടി കാന്താര ഡബ്ബുചെയ്തെത്തിയിരുന്നു.

ആദ്യ ഭാഗത്തിന്റെ വൻവിജയമാണ് ഋഷഭ് ഷെട്ടിയ്ക്ക് രണ്ടാം ഭാഗം ഒരുക്കാൻ പ്രചോദനമായിരിക്കുന്നതെങ്ങ് അനുമാനിക്കാം. എന്നാൽ രണ്ടാം ഭാഗം കാന്താരയുടെ ബാക്കി കഥയല്ല ചിത്രീകരിക്കുന്നത്, ഒന്നാം ഭാഗത്തിനു മുൻപുള്ള കാലഘട്ടം കാണിക്കുന്ന പ്രീക്വലാണ് എന്നാണ് റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നത്.
ഈ മാസാവസാനം ചിത്രത്തിന്റെ പൂജയും ഡിസംബറോടെ ചിത്രീകരണവും ആരംഭിക്കുമെന്നാണ് സിനിമ ട്രാക്കർമാർ പറയുന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം എഡി 300 മുതൽ എഡി 400 വരെയുള്ള കാലഘട്ടമായിരിക്കും ചിത്രത്തിന്റ പശ്ചാത്തലം. കാന്താരയിൽ പരിചയപ്പെടുത്തിയ നാടോടിക്കഥകളുടെയും ദേവതയായ പഞ്ചുർളി ദൈവത്തിനും പിന്നിലുള്ള കഥകളെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങാൻ പോകുന്നത്.മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് കഥ അനുശാസിക്കുന്ന കാട്, ഭൂമി, വെള്ളം എന്നീ ഭൂപ്രകൃതി ഒത്തിണങ്ങുന്ന മംഗലാപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
വിഷ്വൽ എഫക്ടിനും പശ്ചാത്തലത്തിനും പ്രാധാന്യം നൽകിയെത്തുന്ന ചിത്രത്തിന്, നൂറുകോടിയോളം രൂപ മുതൽമുടക്ക് വരുമെന്നാണ് ഏകദേശധാരണ.കാന്താര, കെജിഎഫ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാക്കൾ.16 കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച കാന്താര 400 കോടിയോളം രൂപയാണ് ആഗോള വിപണിയിൽ നിന്ന് കരസ്ഥമാക്കിയത്.കാന്താര രണ്ടാം ഭാഗത്തിന്റെ വിവരങ്ങൾ പുറത്തുവന്നതു മുതൽ വലിയ പ്രതീക്ഷയിലാണ് ചലച്ചിത്ര ആസ്വാദകർ.