സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ച്
Nov 19, 2023, 18:39 IST

കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് വിനോദിന്റെ മരണകാരണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിനോദ് തോമസിനെ പാമ്പാടിയിലെ ബാറിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു.
ബാറിലെ ജീവനക്കാർ കാറിന്റെ ഗ്ലാസിൽ തട്ടിവിളിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടാകാത്തതിനെ തുടർന്ന് ഗ്ലാസ് തകർത്താണ് കാറിന്റെ ഡോർ തുറന്നത്. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.