'ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം': നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ ദിലീപ് നിയമ നടപടിക്ക് ഒരുങ്ങുന്നു | Dileep
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ് നടൻ ദിലീപ്. കേസിൽ താൻ നിരപരാധിയാണെന്നും, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ദിലീപ് വാദിക്കുന്നു. (Dileep, acquitted in actress assault case, prepares for legal action)
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചാണ് കേസ് മുന്നോട്ട് കൊണ്ടുപോയത് എന്ന് അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥർ തങ്ങളുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി. കോടതി വിധി പകർപ്പ് ലഭിച്ചശേഷം ഇക്കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ലെന്ന് ഉമാ തോമസ് എം.എൽ.എ. പ്രതികരിച്ചു. അതിജീവിതയ്ക്ക് എന്നും പിന്തുണ നൽകുമെന്ന് പറഞ്ഞ ഉമാ തോമസ്, ദിലീപിന്റെ വാദങ്ങളെ ശക്തമായി വിമർശിച്ചു.
ദിലീപിന്റെ ഭാഗത്തുനിന്നുണ്ടായത് വിഷയത്തെ വളച്ചൊടിക്കലാണ്. ഇതുവരെ പറയാത്ത വാദങ്ങളാണ് അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്നത്. വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും ഉമാ തോമസ് ആരോപിച്ചു. വിധി പകർപ്പ് പഠിച്ചതിനുശേഷം സർക്കാരിന് അപ്പീൽ ആവശ്യപ്പെട്ട് കത്ത് നൽകുന്നത് ആലോചനയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും ഉമാ തോമസ് പറഞ്ഞു.
