തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.(Case against director PT Kunju Muhammed, Police to record confidential statement)
ഐ.എഫ്.എഫ്.കെയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതി, തുടർ നടപടികൾക്കായി പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് പുറമെ, പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയും അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.
പരാതിയിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട തെളിവുകൾ അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സംഭവം നടന്നുവെന്ന് പറയപ്പെടുന്നത് കഴിഞ്ഞ മാസം ആറിനാണ്. ഡിസംബർ 13-ന് ആരംഭിക്കുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാള സിനിമകളുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോളായിരുന്നു ഇത്. അതേസമയം, താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പ്രതികരണം. എങ്കിലും, ഈ സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.