ഹരീഷ് കണാരനെതിരെ ഭീഷണി വിഡിയോയുമായി ബാദുഷ | Hareesh Kanaran

ഇത് വടി കൊടുത്ത് അടി വാങ്ങുന്ന പരിപാടി ആയിപ്പോയി, ഇങ്ങനെ ഭീഷണി ഒക്കെ വരുമ്പോൾ ഇനി മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഹരീഷ്.
Hareesh
Updated on

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതി പറഞ്ഞ നടന്‍ ഹരീഷ് കണാരനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയുമായി ബാദുഷ. ഇരുപതാം നൂറ്റാണ്ട് സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയായി ബാദുഷ വീഡിയോയിലൂടെ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് ഹരീഷ് കണാരനും പ്രതികരിച്ചു. ഈ ഭീഷണി സന്ദേശത്തിൽ ഭാര്യ അടക്കം പേടിച്ചിരിക്കുകയാണെന്നും ഹരീഷ് പറയുന്നു. കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ബാദുഷ തന്നെ സിനിമകളിൽ നിന്ന് നീക്കം ചെയ്യുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന ഹരീഷിന്റ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വൻ വിവാദമായി.

ഹരീഷിന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ ബാദുഷ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു. ‘എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം.’ എന്നാണ് ബാദുഷ കുറിച്ചത്. എന്നാൽ ഇതിനൊപ്പം ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഒരു ഭാഗവുമുണ്ടായിരുന്നു. തന്നെ ചതിച്ചെന്ന് മനസ്സിലാക്കുന്ന മോഹൻലാൽ, കഥാപാത്രം സുരേഷ് ഗോപിയോട് പറയുന്ന ഡയലോഗാണ് ബാദുഷ പങ്കുവച്ചത്. തെറിവാക്കിൽ തുടങ്ങി, വധഭീഷണി മുഴക്കുന്ന രംഗമാണിത്.

"ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴ്ന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ചശേഷം ഒറ്റിക്കൊടുക്കുക. അതുമൊരു മൂന്നാംകിട പ്രതികാരത്തിന് വേണ്ടി. നീ ആണാണെങ്കിൽ നേരിട്ട് വാ. ഇതുപോലുള്ള പാവങ്ങളെ ഒന്നും വെറുതെ കുടുക്കരുത്. ശേഖരൻ കുട്ടി, നീ ഒന്നുറപ്പിച്ചോ? നീ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു.’’–ഇത് ഹരീഷിനുള്ള പരോക്ഷമായ സന്ദേശമാണെന്നാണ് വിലയിരുത്തൽ.

"ഇതൊക്കെ കേൾക്കുമ്പോൾ എന്റെ ഭാര്യക്ക് ഭയങ്കര ടെൻഷനാണ്. നമ്മൾ എപ്പോഴും യാത്ര ചെയ്യുന്ന ആൾക്കാരല്ലേ. ഇത് വടി കൊടുത്ത് അടി വാങ്ങുന്ന പരിപാടി ആയിപ്പോയി. ഇങ്ങനെ ഭീഷണി ഒക്കെ വരുമ്പോൾ ഇനി മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ല.’’– എന്നാണ് ഹരീഷ് പറയുന്നത്.

അതേസമയം, ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന ‘റേച്ചൽ’ എന്ന സിനിമ റിലീസിന് തയാറെടുക്കുകയാണ്. ഈ സിനിമയുടെ റിലീസിന് ശേഷം ബാദുഷ മറുപടിയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com