അമിതാഭ് ബച്ചനോട് ലോകകപ്പ് ഫൈനൽ കാണരുതേയെന്ന് അഭ്യർത്ഥിച്ച് ഫാൻസ്

ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ കാണാൻ വരണോയെന്ന് ആരാധകരോട് സംശയം ചോദിച്ചിരിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചൻ.ഞാൻ കാണുന്ന മത്സരങ്ങളിലൊന്നും ഇന്ത്യ ജയിക്കാറില്ലെന്നും അതിനാൽ വരാതിരുന്നാലോയെന്നാണ് ആലോചനയിലാണെന്നും സൂപ്പർതാരം എക്സിൽ കുറിച്ചു. "ഞാൻ കാണാതിരുന്ന കളികളൊക്കെ ഇന്ത്യ ജയിച്ചിട്ടുണ്ട്. പോകണോ വേണ്ടയോ എന്ന് ഇപ്പോൾ ആലോചിക്കുകയാണ്" അമിതാഭ് ചോദിച്ചു.

ബിഗ് ബിയുടെ ട്വീറ്റിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളാണ് പിന്നീട് വന്നു നിറഞ്ഞത്. സാർ ദയവ് ചെയ്തു കളി കാണാൻ വരരുതെന്നും വീട്ടിലിരുന്ന് തന്നെ കളി കാണൂവെന്നും ഒരു ഫോളോവർ കൂപ്പുകൈകളോടെ റീട്വീറ്റ് ചെയ്തിരുന്നു. ഭൂരിഭാഗം പേരും ഈ അഭിപ്രായത്തെ പിന്തുണച്ചാണ് രംഗത്തെത്തിയത്."വീണ്ടും ഒരിക്കൽ കൂടി ഇന്ത്യയ്ക്കായി ത്യാഗം സഹിക്കൂ, സാർ" എന്നായിരുന്നു മറ്റൊരു ആരാധകന്റെ രസകരമായ മറുപടി.
ഫൈനൽ ദിവസം അമിതാഭ് ജിയെ ലോകകപ്പ് മത്സരം കാണിക്കാതെ ദൂരെയേതെങ്കിലുമൊരു ദ്വീപിൽ കൊണ്ടുപോയി അടച്ചിടണമെന്നാണ് മറ്റൊരു രസികനായ ആരാധകൻ അഭിപ്രായപെട്ടത്. ഇങ്ങനെയാണെങ്കിൽ താങ്കൾ ഫൈനൽ ടിവിയിൽ പോലും കാണാതിരിക്കുന്നതാണ് നല്ലതെന്നും മറ്റൊരു ആരാധകൻ മറുപടി ഇട്ടു.
2011ൽ മകൻ അഭിഷേക് ബച്ചൻ ബിഗ് ബിയുടെ ഈ കൌതുകകരമായ സ്വഭാവത്തെ പറ്റി മനസ്സ് തുറന്നിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ തന്റെ പിതാവ് മുറിയിൽ നിന്ന് പുറത്തിറങ്ങാറില്ലായെന്നും. അദ്ദേഹം കളി കാണാനിടയായാൽ അപ്പോൾ വിക്കറ്റ് നഷ്ടപ്പെടുമെന്നൊരു ഭയം അദ്ദേഹത്തിന്റ മനസ്സിലുണ്ടെന്നും.മത്സരത്തിന്റെ വിവരങ്ങൾ അമ്മ ജയാ ബച്ചനോ, മരുമകൾ ഐശ്വര്യ റായിയോ ആണ് പിതാവിനെ സാധാരണ അറിയിക്കാറുള്ളതെന്നും അഭിഷേക് പറഞ്ഞിരുന്നു.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടക്കുക. സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം ലഭ്യമാകും.