കെ.എല്‍.ഡി. ബോര്‍ഡ് വെറ്ററിനറി സര്‍വകലാശാലയുമായി ചേര്‍ന്ന് കോഴ്‌സുകളാരംഭിക്കുന്നു

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ.എല്‍.ഡി ബോര്‍ഡ്) വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവുമായി ചേര്‍ന്ന് സാങ്കേതിക വിദ്യയിലൂന്നിയുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും റഗുലര്‍ കോഴ്‌സുകളും ആരംഭിക്കുന്നു. കെ.എല്‍.ഡി ബോര്‍ഡിന്റെ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഡയറി ഫാമിലാണ് കോഴ്‌സുകളാരംഭിക്കുന്നത്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരായിരിക്കണം. ക്ഷീരമേഖലയില്‍ സംരംഭകത്വം ഫ്രോത്സാഹിപ്പിക്കാന്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡിപ്ലോമ കോഴ്‌സ് വിദൂര വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ആരംഭിക്കുന്നത്. രണ്ട് സെമസ്റ്റുറുകളുള്ള കോഴ്‌സിന് ഒരോ സെമസ്റ്ററിലും ഒരാഴ്ച വീതം കോണ്ടാക്ട് ക്ലാസുകള്‍ കുളത്തൂപ്പുഴ ഫാമിലുണ്ടാകും. സെമസ്റ്ററിന് അയ്യായിരം രൂപയാണ് ഫീസ്. ക്ഷീരമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമിങ് പ്രോത്സാഹിപ്പിക്കാന്‍ കമേഴ്‌സ്യല്‍ ഡയറി ഫാമിംഗില്‍ ആറ് മാസത്തെ റഗുലര്‍ കോഴ്‌സും ആരംഭിക്കും. പതിനായിരം രൂപയാണ് ഫീസ്. മലയാളത്തിലുള്ള കോഴ്‌സുകള്‍ക്ക് പ്രായപരിധിയില്ല. അപേക്ഷാഫോറം കെ.എല്‍.ഡി ബോര്‍ഡിന്റെ കുളത്തൂപ്പുഴ ഫാമിലും www.livestock.kerala.gov.in, www.kvasu.ac.in വെബ്‌സൈറ്റുകളിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 28. ഫോണ്‍ : 0475 -2317547.

Share this story