ലാറ്ററൽ എൻട്രിയിലൂടെ സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി | rahul gandhi on upsc lateral entry appointment

ലാറ്ററൽ എൻട്രിയിലൂടെ സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി | rahul gandhi on upsc lateral entry appointment
Updated on

ന്യൂഡല്‍ഹി: ലാറ്ററൽ എൻട്രിയിലൂടെ സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസര്‍ക്കാറിനെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അദ്ദേഹത്തിൻ്റെ ആരോപണം നരേന്ദ്രമോദിയുടെ ശ്രമം യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ്. വഴി ജീവനക്കാരെ നിയമിക്കാനാണ് എന്നാണ്.

ഭരണഘടനയ്ക്ക് നേരെയുള്ള അതിക്രമമാണ് ഇതെന്നും രാഹുൽ വിമർശിച്ചു. പരസ്യമായി തന്നെ എസ്.സി- എസ്.ടി- ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം പിടിച്ചുപറിക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, പിന്നാക്കവിഭാഗങ്ങൾക്ക് രാജ്യത്തെ പ്രധാന പദവികളിൽ പ്രതിനിധ്യമില്ലെന്നത് താൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും കുറ്റപ്പെടുത്തി. ഇതിന് പരിഹാരം കാണുന്നതിന് പകരം ലാറ്ററല്‍ എന്‍ട്രി വഴി ഇവരെ കൂടുതൽ പിന്നിലേക്ക് തള്ളുകയാണെന്നും രാഹുൽ പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെയാണ് രാഹുലിൻ്റെ പ്രതികരണം. ഇത് യു പി എസ് സി ജോലികൾ ലഷ്യമിടുന്ന പ്രാവീണ്യമുള്ള യുവാക്കളുടെ അവകാശ ലംഘനമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സെബി എന്നത് കോര്‍പ്പറേറ്റുകളുടെ പ്രതിനിധികള്‍ പ്രധാന സര്‍ക്കാര്‍ പദവികള്‍ കൈവശം വെച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിൻ്റെ ഉത്തമ ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു. സർക്കാരിൻ്റെ ഈ നീക്കത്തെ ഇന്ത്യാ സഖ്യം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ മേഖലകളിൽ നിന്ന് 10 ജോയിൻ്റ് സെക്രട്ടറിമാർ, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ശമ്പളം ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ്.

Related Stories

No stories found.
Times Kerala
timeskerala.com