

തിരുവനന്തപുരം: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖിന് മേൽ കുരുക്ക് മുറുകുന്നു . സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും , ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി അന്വേഷണസംഘത്തിന് മുൻപാകെ മൊഴി നൽകിയതായാണ് റിപ്പോർട്ട് . 2016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമ സംബന്ധമായ ചര്‍ച്ചയ്ക്കായി സിദ്ദിഖ് തന്നെ ക്ഷണിച്ചത്. ഹോട്ടൽ റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും മൊഴിയിൽ പറയുന്നു.അതേസമയം , നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ താൻ കണ്ടിരുന്നതായി സിദ്ദിഖ് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മസ്‌കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.