കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ്; നവകേരള ബസിലെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

കാസർഗോഡ്: ദേശീയപാത നിർമാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും രാജ്യത്ത് ആദ്യം ദേശീയപാത വികസനം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവകേരളസദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറി, എന്നാല്‍ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല.അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല. നവകേരള സദസ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണ്. ഈ പരിപാടിയില്‍ ഇവിടുത്തെ എംഎല്‍എ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാല്‍ ലീഗ് എംഎല്‍എ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമെന്നും നാടിന്റെ ജനാധിപത്യത്തിന് വിരുദ്ധമാണ് അവരുടെ സമീപനമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും മറച്ചുവയ്ക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിക്കുകയായാണ്. എന്നാൽ ജനങ്ങൾ അതിനോടൊപ്പമില്ല. ജനങ്ങൾ അതിന്റെ കൂടെ അണിനിരക്കാനും തയാറല്ല. അതുകൊണ്ടാണ് 2021-ൽ എൽഡിഎഫ് സർക്കാരിനെ 99 സീറ്റുകൾ നൽകി തുടർഭരണം കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാം. പക്ഷെ നാടിനുവേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ നടക്കാൻ പാടില്ലെന്നും ഇപ്പോൾ ഇത് വേണ്ട എന്നും നിലപാട് എടുക്കുന്നതിന് എന്താണ് അർഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.