ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; പിന്നില്‍ ഇന്ത്യയെന്ന് കാനഡ; അസംബന്ധമെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: കാനഡയിലെ ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയെന്ന ആരോപണങ്ങൾ തള്ളി രാജ്യം. കൊലപാതകം സംബന്ധിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ തന്നെ ട്രൂഡോയെ അറിയിച്ചതാണ്. കാനഡയിലെ ഒരു അക്രമസംഭവത്തിലും ഇന്ത്യയ്ക്ക് പങ്കില്ല. നിയമവാഴ്ചയോട് പ്രതിബദ്ധതയുള്ള ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളമൊരുക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഖലിസ്ഥാനി ഭീകരവാദിയുടെ മരണം: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ
ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ആരോപണമുന്നയിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. ഒട്ടാവയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഇന്റലിജന്‍സ് മേധാവിയെയാണ് കാനഡ പുറത്താക്കിയത്. അതേസമയം, ഇന്ത്യ- കാനഡ ബന്ധത്തില്‍ വലിയ ആഘാതത്തിന് ഇടയാക്കുന്നതാണ് നടപടിയാണ് കാനഡ ഭരണകൂടം നടത്തിയിരിക്കുന്നത്. ഖലിസ്ഥാനി ഭീകരവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നത് വിശ്വസനീയമായ ആരോപണമാണെന്ന് പാര്‍ലിമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് പറഞ്ഞത്. ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ചാണ് കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.പുറത്താക്കിയ ഉദ്യോഗസ്ഥന്റെ പേര് കാനഡ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു. ആരോപണം അസംബന്ധവും ദുരുപദിഷ്ടവുമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.