Times Kerala

നിയമസഭയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ കെ രമ: മറുപടി നൽകി വീണ ജോർജ് 

 
രമ -വീണ
തിരുവനന്തപുരം: നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് കെ കെ രമ. സംസ്ഥാനത്ത് ഇത്തരം അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് പറഞ്ഞ കെ കെ രമ, ഈ വിഷയം ലാഘവത്തോടെ എടുക്കുകയാണെന്നും ആരോപിച്ചു. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് അവർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തതാണ്. ഇതിനു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയത് മന്ത്രി വീണ ജോര്‍ജാണ്. പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടക്കുകയാണെന്നാണ് അവർ നൽകിയ മറുപടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. അതോടൊപ്പം കാലടി കോളേജിലെ പെൺ കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും മന്ത്രി പറഞ്ഞു. രമ ആരോപിച്ചത് പട്ടാപ്പകൽ പൂച്ചാക്കലിൽ പെൺകുട്ടിയെ ആക്രമിച്ചത് സി പി എമ്മുകാരനാണെന്നാണ്. സി പി എം അനുഭാവിയായ അധ്യാപകനാണ് കുസാറ്റിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയതെന്ന് പറഞ്ഞ അവർ, കാലടി കോളേജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ് എഫ് ഐക്കാരനായിരുന്നുവെന്നും ആരോപിച്ചു. പെൺകുട്ടികളെ കെ സി എ കോച്ച് പീഡിപ്പിച്ചുവെന്ന് പറഞ്ഞ അവർ, സർക്കാർ ഹേമ കമ്മീഷൻ റിപ്പോർട്ട് വരെ പൂഴ്ത്തിവച്ചുവെന്നും കടന്നാക്രമിച്ചു. ഇതിന് വീണ ജോർജ് നൽകിയ മറുപടി കുറ്റകൃത്യങ്ങളോട് സർക്കാരിന് ഒറ്റ നടപടിയേ ഉള്ളുവെന്നും, മുഖം നോക്കാതെ നടപടിയെടുക്കുമെന്നുമാണ്. 

Related Topics

Share this story