സ്കൂളിലെ വെടിവയ്പ്പിന് പിന്നിൽ പൂർവവൈരാഗ്യമെന്ന് നിഗമനം; യുവാവ് സ്ഥിരം പ്രശ്നക്കാരൻ

തൃശൂർ: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ വെടിയുതിർത്തത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം സ്റ്റാഫ് മുറികളിൽ എത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പ്ലസ് ടു ക്ലാസുകളിൽ കയറി വെടിയുതിർക്കുകയായിരുന്നു. ഇയാൾ രണ്ട് വർഷം മുമ്പാണ് സ്‌കൂളിൽ പഠിച്ചത്. അന്ന് മുതൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു.സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി പിടികൂടുകയായിരുന്നു. മുളയം സ്വദേശി ജഗനാണ് ആക്രമണത്തിന് പിന്നിൽ.

തൃശൂര്‍ അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും 1500 രൂപയ്ക്ക് വാങ്ങിയ എയർ ഗൺ ആണ് യുവാവ് ഉപയോഗിച്ചത്. യുവാവിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. 2020 മുതൽ മാനസികാരോഗ്യത്തിന് ചികിൽസ തേടുകയാണ് ജഗന്‍. ജഗന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. കഴിഞ്ഞ മൂന്നു കൊല്ലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുകയാണ് എന്നാണ് മാതാപിതാക്കളുടെ മൊഴി. തോക്ക് വാങ്ങാന്‍ പണം പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങിയതായും മൊഴിയുണ്ട്.