

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കോട്ടയത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Hema committee report)
മലയാളം സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റിയാണിത്. കേസെടുത്തിരിക്കുന്നത് കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയിരിക്കുന്ന പരാതിയിലാണ്.
മേക്കപ്പ് മാനേജർക്കെതിരെ ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് കൊരട്ടി സ്വദേശി സജീവിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2013-2014 കാലയളവിലാണ്. കേസെടുത്തിരിക്കുന്നത് IPC 354 ചുമത്തിയാണ്.
കേസ് രജിസ്റ്റർ ചെയ്തത് പൊൻകുന്നം പൊലീസാണ്. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. നേരത്തെ പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ടായിരുന്നു. തുടർന്ന് പൊലീസിലും പരാതി നൽകി.
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പോലീസിൽ പരാതി നൽകുന്നത് ഇതാദ്യമായാണ്. അതേസമയം, കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊൻകുന്നത്തും നൽകിയ പരാതികളിലും കേസ് രജിസ്റ്റർ ചെയ്തു.