

മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുന്നത് കാവൽ നായ്ക്കളാണ്(Dog Rescued). എന്നാൽ പലപ്പോഴും ആളുകള്‍ കാവൽ നായകളെ ക്രൂരമായി ഉപേക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഹൃദയ ഭേദകമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലാണ് വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത്. ഉടമ ഉപേക്ഷിച്ചു പോയ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ തന്റെ യജമാനനു വേണ്ടി മാര്‍ക്കറ്റില്‍ കാത്തിരുന്നത് എട്ട് മണിക്കൂറോളമാണ്. എക്സ് യൂസറായ അജയ് ജോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് നായയുടെ കഥ പുറത്തറിഞ്ഞത്.
ദില്ലിയിലെ മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു സ്‌കൂട്ടറില്‍ നായ ഇരിക്കുന്ന ദൃശ്യം ജോ പങ്കുവച്ച വീഡിയോയിൽ കാണാം. നീണ്ട കാത്തിരിപ്പിനൊടുവില്‍ മൃഗസ്‌നേഹികളായ ഒരുകൂട്ടം പേർ നായയെ അവിടെ നിന്നും മാറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്നു. പിന്നീട്, 'സ്വിഗ്ഗി' എന്ന് ഈ നായയ്ക്ക് അവർ പേര് നല്‍കുകയും ചെയ്തു. ഒരാള്‍ പുലര്‍ച്ചെ വരെ നായയുടെ അടുത്തിരിക്കുകയും അതിനു വേണ്ടുന്ന ഭക്ഷണവും മറ്റും നല്‍കുകയും ചെയ്തു. ഒടുവില്‍, രേണു ഖിഞ്ചി എന്നൊരാള്‍ നായയെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാനുള്ള ആംബുലന്‍സും മറ്റ് ക്രമീകരണങ്ങളും നടത്തി. ഒടുവില്‍, സോഫി മെമ്മോറിയല്‍ അനിമല്‍ റിലീഫ് ട്രസ്റ്റിന്റെ സ്ഥാപകയും മൃഗ രക്ഷാപ്രവര്‍ത്തകയുമായ കാവേരി റാണ ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെ ഏറ്റെടുത്തു.
ദില്ലിയില്‍ മാര്‍ക്കറ്റില്‍ ഉടമ നായയെ ഉപേക്ഷിക്കുകയായിരുന്നു എന്നും നായ അവിടെ മണിക്കൂറുകളോളം ഉടമയെ കാത്തിരുന്നു എന്നും ജോ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. "ഇന്ന് വൈകുന്നേരം, ഒരാള്‍ ഒരു നായയെ സ്‌കൂട്ടറില്‍ ദില്ലിയിലെ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയായിരുന്നു. പാവം നായ മറ്റൊരു സ്‌കൂട്ടറില്‍ കയറി കഴിഞ്ഞ 8 മണിക്കൂറായി അവിടെ തന്റെ ഉടമയെ കാത്തിരിക്കുകയാണ്. തന്നെ ഉപേക്ഷിച്ച് പോയ അയാളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അവന്റെ കണ്ണുകളില്‍ പ്രതീക്ഷിയും നിരാശയും നിറഞ്ഞിരിക്കുന്നു" എന്നാണ് ജോ എക്‌സില്‍ കുറിച്ചത്.