ലോകത്തെ അത്ഭുതപ്പെടുത്തിയ രക്ഷപെടൽ; 800 അടി താഴ്ചയുള്ള അഗ്നിപർവത മുഖത്തിൽ വീണയാൾ അത്ഭുതകരമായി ജീവിതത്തിലേക്ക്

ലോകത്തെ അത്ഭുതപ്പെടുത്തിയ രക്ഷപെടൽ; 800 അടി താഴ്ചയുള്ള അഗ്നിപർവത മുഖത്തിൽ വീണയാൾ അത്ഭുതകരമായി ജീവിതത്തിലേക്ക്

ഗുരുതരമായി തീപൊള്ളലേറ്റാൽ തന്നെ ജീവൻ അപകടത്തിലാകും. അപ്പോൾ 800 അടി ആഴമുള്ള അഗ്നിപർവത മുഖത്തേക്കാണെങ്കിലുള്ള അവസ്ഥ എത്തായിരിക്കും. ജീവൻ തിരിച്ചുകിട്ടാനുള്ള സാധ്യത വിരളമാണ്. എന്നാൽ അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപർവ്വത മുഖത്തേക്ക് ഒരാഴ്ച മുൻപ് വീണയാൾ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പരിക്കേറ്റയാൾ ആശുപത്രി വിട്ടു. പരിക്കുകൾ ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ല. എഴുന്നേറ്റ് നടക്കാനും സമയമെടുക്കും. എന്നിരുന്നാലും ഇദ്ദേഹം മരണത്തിൽ നിന്നും രക്ഷപെട്ടത് ഏവർക്കും അത്ഭുതമാണ്.

ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്തേക്കാണ് ചൊവ്വാഴ്ച ഒരാള്‍ കാല്‍വഴുതി വീണത്. മറ്റ് സഞ്ചാരികള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ കാല്‍ വഴുതി വീണത്. സംരക്ഷിത വനപ്രദേശത്താണ് ഈ അഗ്നിപര്‍വത മുഖം എന്നതിനാല്‍ വീഴ്ച തടയാനുള്ള കമ്പിവേലിയോ മറ്റ് സംവിധാനങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ അധികൃതരെ മറ്റു സഞ്ചാരികള്‍ വിവരം അറിയച്ചതാണ് ഈ വ്യക്തിയെ രക്ഷിക്കുന്നിനു സഹായിച്ചത്

എന്നാല്‍ അഗാധമായ ആഴത്തിലേക്ക് വീണതിനാൽ രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ 180 മീറ്റര്‍ ആഴത്തിലേക്ക് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചത്. ആള്‍ വീണത് എവിടേക്കാണെന്നത് വ്യക്തമല്ലാത്തതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിച്ചു.

എന്നാല്‍ ഇതിനിടെ കൂടുതല്‍ ആഴത്തില്‍ നിന്ന് ആളുടെ നിലവിളി കേട്ടതാണ് വഴിത്തിരിവായത്. രക്ഷാപ്രവര്‍ത്തകരുടെ ശബ്ദങ്ങള്‍ കേട്ടിട്ടായിരിക്കാം പാതി ബോധത്തിലും പരിക്കേറ്റ വ്യക്തി നിലവിളിച്ചതെന്നാണു കരുതുന്നത്. ഏതായാലും ഇതോടെ കൂടുതല്‍ ആഴത്തിലേക്കിറങ്ങാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഒടുവില്‍ 240 മീറ്റര്‍ താഴ്ചയില്‍ പരിക്കേറ്റു കിടക്കുന്ന വിനോദസഞ്ചാരിയെ കണ്ടെത്തുകയായിരുന്നു. ഗര്‍ത്തിന്‍റെ താഴേയ്ക്കുള്ള ഭാഗം ഇടുങ്ങിയതായതിനാലാണ് പരിക്കേറ്റയാളുടെ നിലവിളി രക്ഷാപ്രവര്‍ത്തകര്‍ കേട്ടത്. ഇല്ലെങ്കില്‍ ഒരുപക്ഷേ താരതമ്യേന നേര്‍ത്ത ശബ്ദം കേള്‍ക്കാനുള്ള സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍കരും വ്യക്തമാക്കി.

ഗര്‍ത്തത്തില്‍ നിന്ന് ആളെ കണ്ടെത്തി അര മണിക്കൂറിനുള്ളില്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. വൈകാതെ ഹെലികോപ്റ്ററില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കഴുത്തിനും വാരിയെല്ലുകള്‍ക്കും ഒരു കൈക്കുമാണ് വീഴ്ചയില്‍ സാരമായ പരിക്കേറ്റത്. ആശുപത്രി വിട്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് ഇയാള്‍ തിരിച്ചു വരാന്‍ മാസങ്ങളെടുക്കുമെന്നാണു കരുതുന്നത്. സമാനമായ രീതിയില്‍ ഹവായിയിലെ ഒരു അഗ്നിപര്‍വത മുഖത്തേക്ക് വീണ അമേരിക്കന്‍ സൈനികനെ ഒരു മാസം മുന്‍പ് രക്ഷപെടുത്തിയിരുന്നു

Share this story