എഴുപത്തഞ്ച് വര്‍ഷം മുമ്പ് ആല്‍പ്‌സ് പര്‍വ്വത നിരകള്‍ക്കിടയില്‍ കാണാതെപോയ ദമ്പതികളുടെ മൃതദേഹം ഒരു പോറല്‍പോലും ഏല്‍ക്കാതെ കണ്ടെത്തി

ഇത്തരത്തില്‍ 1942 ഓഗസ്റ്റ് 15ന് ആല്‍പ്‌സിലെ പുല്‍മേട്ടില്‍ കെട്ടിയിരുന്ന പശുക്കളെ കറക്കാന്‍ പോയതായിരുന്നു തുകല്‍പ്പണിക്കാരനായിരുന്ന മര്‍സലിന്‍ ഡുമോലിനും ഭാര്യയും അദ്ധ്യാപികയുമായ ഫ്രാന്‍സീനും. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ഒരുപാട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഈ ദമ്പതികളുടെ മൃതദേഹം ആല്‍പ്സ് പര്‍വതനിരകളില്‍ കണ്ടെത്തിയിരിക്കുകയാണ്. ആല്‍പ്സ് പര്‍വതനിരകളിലെ വലേയ്‌സ് മേഖലയില്‍ 8600 അടി ഉയരത്തില്‍ മഞ്ഞില്‍പുതഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്കു ശേഷവും മൃതദേഹത്തിനോ വസ്ത്രങ്ങള്‍ക്കോ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ക്കു പോലമോ കാര്യമായ കുഴപ്പമില്ലെന്നതാണ് ഏറ്റവും ശ്രദ്ധ്യമായ കാര്യം. ഒരു ബുക്ക്, വാച്ച്, ഒരു ബോട്ടില്‍, ബാക്ക് പാക്സ് എന്നിവയാണ് മൃതദേഹത്തൊടൊപ്പം കണ്ടെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അന്നു മലകയറുന്നതിനിടെ ഇരുവരും മഞ്ഞുപാളികള്‍ക്കിടയിലെ വിള്ളലില്‍ വീണുപോയതാണെന്നു കരുതുന്നു. രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു ഇവര്‍ക്ക്. മാതാപിതാക്കളെ കാണാതായതോടെ ഇവരെ ബന്ധുക്കള്‍ ഏറ്റെടുത്തു വളര്‍ത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന വാര്‍ത്ത മനസ്സിനെ ശാന്തമാക്കുന്നതായി ദമ്പതികളുടെ ഇളയമകള്‍ 79 വയസ്സുള്ള ഉഡ്രി ഡുമോലിന്‍ പറഞ്ഞു. ഇക്കാലമത്രയും മാതാപിതാക്കളെക്കുറിച്ചുള്ള എന്തെങ്കിലും വിവരത്തിനായി കാത്തിരിക്കുകയായിരുന്നു. പല ബന്ധുക്കളുടെ കൂടെ കഴിഞ്ഞുവന്നിരുന്നതിനാല്‍ സഹോദരങ്ങള്‍ തമ്മില്‍ പരിചയം പോലുമില്ലെന്നാണ് ഉഡ്രി പറയുന്നത്. രണ്ടാം ലോകയുദ്ധകാലത്തെ വസ്ത്രധാരണ രീതികളുമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത് വലേയ്‌സ് പോലീസാണ്. പിന്നീട് ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം മര്‍സലിന്‍, ഫ്രാന്‍സീന്‍ ദമ്പതികളുടെയാണെന്ന് ഉറപ്പാക്കുകയായിരുന്നു.

Share this story