Times Kerala

 കാനന പാതയും താണ്ടി അയ്യപ്പ സന്നിധിയിലേക്ക്.!

 
 കാനന പാതയും താണ്ടി അയ്യപ്പ സന്നിധിയിലേക്ക്.!
 

പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ശ്രീ ധർമ്മശാസ്താവാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ധർമ്മശാസ്താവിനോടൊപ്പം തുല്യപ്രാധാന്യത്തോടെ മാളികപ്പുറത്തമ്മ എന്ന ഭഗവതിയുമുണ്ട്.

കൂടാതെ, ഉപദേവതകളായി ഗണപതി, നാഗദൈവങ്ങൾ, കടുത്തസ്വാമി, കറുപ്പസ്വാമി, വാവരുസ്വാമി, നവഗ്രഹങ്ങൾ എന്നിവരും കുടികൊള്ളുന്നു.


 എല്ലാവർഷവും കോടിക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല എന്നതാണ് ശബരിമലയുടെ മറ്റൊരു പ്രേത്യേകത. നവംബർ-ഡിസംബർ മാസങ്ങളിൽ അതായത്, മലയാള മാസം വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും നടതുറക്കുകയും സന്ദർശനം അനുവദിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രമായും ശബരിമല അറിയപ്പെടുന്നു.

കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നദിയായ പമ്പാനദി ഉത്ഭവിയ്ക്കുന്നത്, ശബരിമലയ്ക്കടുത്തുനിന്നാണ്. പമ്പാനദിയെ പുണ്യനദിയായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ പടിഞ്ഞാറുമാറി, പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ശബരിമല തീർത്ഥാടകർ ഇവിടെ സ്നാനം ചെയ്തശേഷമാണ് മലകയറുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ദേവസ്വം ബോർഡിനുകീഴിൽ ഏറ്റവും വരുമാനമുണ്ടാക്കുന്ന ക്ഷേത്രമാണിത്.

Related Topics

Share this story