പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; ഒടുവിൽ കണ്ടെത്തി

മധ്യപ്രദേശിൽ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി. ബസിൽ നിന്നിറങ്ങി സഹോദരനെ കാത്തുനിൽക്കവെയാണ് പെൺകുട്ടിയെ ഇവർ തട്ടികൊണ്ട് പോയത്. പെൺകുട്ടിയെ ഹോട്ടല്‍ മുറിയിൽ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനായി രണ്ട് സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.

ഗ്വാളിയോറിൽ തിങ്കളാഴ്ച പട്ടാപ്പകലായിരുന്നു സംഭവം. രാവിലെ 9.30ഓടെ ബസ് ഇറങ്ങി സമീപത്തെ പെട്രോള്‍ പമ്പില്‍ നിൽക്കുമ്പോഴായിരുന്നു ബൈക്കിലെത്തി രണ്ട് യുവാക്കൾ പെൺകുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയത്. സംഭവം സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. വിവരം അറിഞ്ഞ പൊലീസ് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ലോഡ്ജില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അതേസമയം തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരാളെ ലഹറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഗ്വാളിയോര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് രാജേഷ് സിങ് വ്യക്തമാക്കി.