ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; വിചാരണ ഒക്ടോബര്‍ നാല് മുതല്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒക്ടോബര്‍ നാല് മുതല്‍ വിചാരണ ആരംഭിക്കും. കുറ്റപത്രം വായിച്ച് പൂര്‍ത്തിയാക്കി. ഒക്ടോബര്‍ നാല് മുതല്‍ 18 വരെയാവും വിചാരണയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു.
കുറ്റപത്രത്തിലെ 367 എ വകുപ്പ് കോടതി ഒഴിവാക്കി. ബലാത്സംഗം മരണത്തിനിടയാക്കി എന്നത് പരാമർശിക്കുന്ന ഭാഗമാണ് ഒഴിവാക്കിയത്. ബലാത്സംഗത്തിന് ശേഷം അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നതിനാലാണ് ഈ വകുപ്പ് ഒഴിവാക്കിയത്. പകരം ബലാത്സംഗത്തിന് ശേഷം പരിക്കേല്‍പ്പിച്ചുവെന്ന ഭാഗം കോടതി കൂട്ടിച്ചേര്‍ത്തു. ഒപ്പം ജുവനൈല്‍ ജസ്റ്റിസിലെ 77 വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. മറ്റ് ആശയക്കുഴപ്പങ്ങളൊന്നുമില്ല. 99 സാക്ഷികളെ കേസില്‍ വിസ്തരിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍രാജ് അറിയിച്ചു.
