20ഓളം സീനിയര്‍ വിദ്യാര്‍ഥികൾ ചേർന്ന് റാഗിങ്ങ്; വിദ്യാര്‍ഥി അവശനിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പോളിടെക്‌നിക്ക് കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിന് ഇരയാക്കിയ വിദ്യാര്‍ഥി അവശനിലയില്‍. 20ഓളം വിദ്യാർത്ഥികൾ ചേർന്നാണ് റാഗിങ്ങ് നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നാംവര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ഥി ചെങ്കല്‍ സ്വദേശിയായ അനൂപാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും ചെയ്തു. അവശ നിലയിലായ അനൂപിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആയുര്‍വേദ ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് ഇരുപതുപേര്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികളായ എബിന്‍, ആദിത്യന്‍, അനന്തു, കിരണ്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഈ നാലുപേരെയും കോളേജിൽനിന്ന് സസ്‌പെന്‍ഡ് ചെയ്തു. പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.