കടയിലെത്തിയ പെൺകുട്ടിയെ ചുംബിച്ച കേസിൽ 47-കാരന് മൂന്നുവർഷം കഠിനതടവും പിഴയും
Nov 21, 2023, 11:26 IST

തലശ്ശേരി: ബാഗ് നന്നാക്കാൻ കടയിലെത്തിയ പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. പാനൂർ കൈവേലിക്കൽ ചക്കരച്ചാൻകണ്ടിയിൽ സി.കെ. സജുവിനെയാണ് (47) തലശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷ വിധിച്ചത്.

ഇയാൾക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. 2018 ജൂലായ് അഞ്ചിനാണ് സംഭവം. പാനൂർ പൂക്കോത്തെ ബാഗ് നന്നാക്കുന്ന കടയിൽ എത്തിയ 17-കാരിയെ ഇയാൾ ചുംബിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ബാസുരി ഹാജരായി. പാനൂർ പോലീസ് ഇൻസ്പെക്ടർ കെ. സന്തോഷാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.