Times Kerala

ബിരുദക്കാര്‍ക്ക് എസ്.ബി.ഐ-യിൽ പ്രൊബേഷണറി ഓഫീസറാകാം; തുടക്ക ശമ്പളം- 41,960 രൂപ
 

 
ബിരുദക്കാര്‍ക്ക് എസ്.ബി.ഐ-യിൽ പ്രൊബേഷണറി ഓഫീസറാകാം; തുടക്ക ശമ്പളം- 41,960 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 2000 ഒഴിവിലേക്കാണ് വിജ്ഞാപനം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2023 നവംബറിൽ നടക്കും. രാജ്യത്ത് എവിടെയും നിയമനം ലാഭിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യയോഗ്യത. ബിരുദകോഴ്‌സിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കും. എന്നാൽ, ഇവർ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, യോഗ്യത 31.12.2023-നകം നേടിയതായുള്ള രേഖ ഹാജരാക്കേണ്ടതാണ്. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി സർട്ടിഫിക്കറ്റ് 31.12.2023-നകം നേടുന്നവർക്കും അപേക്ഷിക്കാം. മെഡിക്കൽ, എൻജിനിയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളുള്ളവരും അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടുലക്ഷംരൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

ശമ്പളം: 36,000-63,840 രൂപയാണ് സ്കെയിൽ. തുടക്കത്തിൽ നാല് ഇൻക്രിമെന്റുൾപ്പെടെ 41,960 രൂപയായിരിക്കും അടിസ്ഥാനശമ്പളമായി ലഭിക്കുക.

പ്രായം: 01.04.2023-ന് 21-30 വയസ്സ്. അപേക്ഷകർ 02.04.1993-നും 01.04.2002-നും ഇടയിൽ ജനിച്ചവരാവണം (രണ്ട് തീയതിയുമുൾപ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് 10 വർഷം, എസ്.സി./എസ്.ടി.-15 വർഷം, ഒ.ബി.സി. (എൻ.സി.എൽ.)-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പരീക്ഷ: ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം. ഒബ്ജക്ടീവ് മാതൃകയിലാണ് ചോദ്യങ്ങൾ. ആകെ 100 ചോദ്യമുണ്ടായിരിക്കും. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. മെയിൻ പരീക്ഷയും ഓൺലൈൻ മാർഗമായാണ് നടത്തുക. ഇതിൽ 200 മാർക്കിനുള്ള ഒബ്ജക്ടീവ് പേപ്പറും 250 മാർക്കിനുള്ള ഡിസ്‌ക്രിപ്റ്റീവ് പേപ്പറുമുണ്ടാവും. എസ്.സി., എസ്.ടി., ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ഓൺലൈനായി പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങിന് അവസരമുണ്ടായിരിക്കും.

അപേക്ഷാഫീസ്: എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ ഒഴികെയുള്ളവർ 750 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ: https://sbi.co.in/web/career. വഴി നൽകാം. അവസാന തീയതി: സെപ്റ്റംബർ 27.

Related Topics

Share this story