Times Kerala

 കാര്‍ വില്‍പ്പന ഇടിഞ്ഞു; യൂസ്ഡ് ട്രക്കുകള്‍ക്ക് വില കൂടൂമെന്ന് ശ്രീറാം മൊബിലിറ്റി ബുള്ളറ്റിന്‍

 
 കാര്‍ വില്‍പ്പന ഇടിഞ്ഞു; യൂസ്ഡ് ട്രക്കുകള്‍ക്ക് വില കൂടൂമെന്ന് ശ്രീറാം മൊബിലിറ്റി ബുള്ളറ്റിന്‍
 

കൊച്ചി: കാറുകളുടെ വില്‍പ്പനയില്‍ ജൂണില്‍ ഒമ്പത് ശതമാനം ഇടിവുണ്ടായി. പെട്രോള്‍, ഡീസല്‍ ഉപഭോഗവും അഞ്ച് ശതമാനം കുറഞ്ഞതായി ഓട്ടോമൊബൈല്‍, ലോജിസ്റ്റിക്‌സ് രംഗത്തെ ഏറ്റവും പുതിയ ചലനങ്ങള്‍ വിശകലനം ചെയ്യുന്ന ശ്രീറാം മൊബിലിറ്റി ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഖാരിഫ് സീസണ്‍ വിളവെടുപ്പിനോട് അടുക്കുന്നതോടെ കാര്‍ഷിക, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്നും ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. യൂസ്ഡ് വാണിജ്യ ട്രക്കുകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ട്.  7.5 മുതല്‍ 16 ടണ്‍ വരേ ശേഷിയുള്ള യൂസ്ഡ് ട്രക്കുകളുടെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് ശതമാനം വര്‍ധിച്ചപ്പോള്‍ 31-36 ടണ്‍ ശേഷിയുള്ള ട്രക്കുകളുടെ വില്‍പ്പന 43 ശതമാനമായി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മുംബൈ-കൊല്‍ക്കത്ത-മുംബൈ റൂട്ടില്‍ ട്രക്ക് റെന്റല്‍ 2.6 ശതമാനം കുറഞ്ഞപ്പോള്‍ കൊല്‍ക്കത്ത-ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടില്‍ ഇത് 4.1 ശതമാനം വര്‍ധിച്ചു.

ജൂണില്‍ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തിലും അഞ്ച് ശമതാനം കുറവ് രേഖപ്പെടുത്തി. അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ പെട്രോള്‍ ഉപഭോഗം നാല് ശതമാനവും ഡീസല്‍ ഉപഭോഗം ഒരു ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ഫാസ്ടാഗ് ടോള്‍ കളക്ഷന്‍ ഇടപാടുകളില്‍ രണ്ടു ശതമാനവും മൂല്യത്തില്‍ ഏഴ് ശതമാനവും വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.

'പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന്റേയും മണ്‍സൂണ്‍ ശക്തിപ്പെടുമെന്ന പ്രതീക്ഷയുടേയും പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ നയപരമായ നടപടികളുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ബിസിനസ് രംഗം. റോഡ് ഗതാഗതം, വാഹന വില്‍പ്പന തുടങ്ങിയ രംഗങ്ങളിലുള്ള മാന്ദ്യം താല്‍ക്കാലികമാണ്,'' ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വൈ.എസ്. ചക്രവര്‍ത്തി പറഞ്ഞു.

Related Topics

Share this story