പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പിന്നിലാണ്. ആർ.ജെ.ഡിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 3000ത്തിലേറെ വോട്ടുകൾക്ക് പിന്നിലായി. ബി.ജെ.പി. സ്ഥാനാർഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്.( Tejashwi suffers setback in Raghopur, BJP takes lead)
ലാലു പ്രസാദും റാബ്രി ദേവിയും മുൻപ് ജനവിധി തേടിയ ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുർ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇവിടെ നിന്നാണ് തേജസ്വി തിരഞ്ഞെടുക്കപ്പെട്ടത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട തേജസ്വിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടുന്നത്.
2015-ൽ 22,733 വോട്ട് ഭൂരിപക്ഷത്തിനും 2020-ൽ 38,174 ഭൂരിപക്ഷത്തിനും തേജസ്വി ഇവിടെ വിജയിച്ചിരുന്നു. അന്നും ബി.ജെ.പി.യുടെ സതീഷ് കുമാറായിരുന്നു എതിരാളി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിലെ പ്രധാന അംഗമായ കോൺഗ്രസ് ദയനീയമായ പ്രകടനമാണ് കാഴ്ചവച്ചത്.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മത്സരിച്ച 60 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അതായത് കൺവേർഷൻ നിരക്ക് വെറും 10% മാത്രം. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പ്രബല ശക്തിയായിരുന്ന കോൺഗ്രസ് ഇപ്പോൾ ബിഹാറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
പലപ്പോഴും സംസ്ഥാനത്ത് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. 1990-ൽ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുടെ കീഴിലായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അവസാനമായി ശക്തമായ സാന്നിധ്യമറിയിച്ചിരുന്നത്.