പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ എൻ.ഡി.എ. സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുന്നു. അതേസമയം, മഹാസഖ്യം തകർന്നടിയുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറിൽ കാണുന്നത്. പ്രമുഖ ഗായികയും ബി.ജെ.പി. സ്ഥാനാർത്ഥിയുമായ മൈഥിലി താക്കൂർ മത്സരിക്കുന്ന അലിനഗർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.(NDA surges in Bihar, Singer Maithili Thakur is leading)
25 വയസ്സുകാരിയായ മൈഥിലിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുൻപാണ് അവർ ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് മൈഥിലി നേരത്തെ വ്യക്തമാക്കിയിരുന്നു. "ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു," എന്നും അവർ പ്രതികരിച്ചിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ, ഇ.വി.എം. വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ എൻ.ഡി.എ. സഖ്യം കേവല ഭൂരിപക്ഷം ഉറപ്പിക്കുന്ന നിലയിലേക്ക് കുതിക്കുകയാണ്.