പട്ന : രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ഇവ എൻ ഡി എയ്ക്ക് അനുകൂലമെന്നാണ് വിവരം. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. ബിഹാറിൽ ആര് അധികാരം നിലനിർത്തും, ആര് വീഴും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.(Counting of votes begins in Bihar, who will have the victory ?)
പോസ്റ്റൽ ബാലറ്റുകൾ എണ്ണിയതിൽ എൻ.ഡി.എ. സഖ്യം വ്യക്തമായ മുന്നേറ്റം നേടുന്നതായി സൂചന. തുടക്കത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരുമ്പോൾ മുന്നണികളുടെ നിലവിലെ ലീഡ് നില,
എൻ.ഡി.എ. (NDA): 70 സീറ്റുകൾ
ഇന്ത്യ സഖ്യം (INDIA): 35 സീറ്റുകൾ
മറ്റുള്ളവർ: 7 സീറ്റുകൾ
നിലവിൽ ആർ.ജെ.ഡി.യുടെ കരുത്തിലാണ് ഇന്ത്യ സഖ്യം പിടിച്ചുനിൽക്കുന്നത്. അതേസമയം, തുടക്കത്തിൽ ജൻസുരാജ് പാർട്ടിക്ക് മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്. ഇനി എണ്ണുന്നത് ഇ.വി.എം. മെഷീനുകളിലെ വോട്ടുകൾ ആണ്. ഇതോടെ ട്രെൻഡുകളിൽ നിർണായക മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.
ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെച്ച ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രതികരിക്കുന്നത്. സദ്ഭരണം കാഴ്ചവച്ച എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ജെ.ഡി.യു. ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ വെല്ലുവിളിച്ച മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹി, പാറ്റ്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും ബി.ജെ.പി. നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
എൻ.ഡി.എയ്ക്കെതിരെ സംസ്ഥാനത്ത് ശക്തമായ ജനവികാരമുണ്ടെന്നും ജനങ്ങൾ മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ചുവെന്നുമാണ് പപ്പു യാദവ് അടക്കമുള്ള നേതാക്കളുടെ പ്രതികരണം.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻ.ഡി.എയ്ക്ക് അനുകൂലമാണ്. സംസ്ഥാനത്ത് എൻ.ഡി.എ. മഹാഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്നത്. മഹാസഖ്യത്തിന് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു സർവേയും പ്രവചിച്ചിട്ടില്ല. ആർ.ജെ.ഡി. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ചില സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, മഹാസഖ്യത്തിന് ഭരണം ലഭിക്കുമെന്ന പ്രവചനങ്ങളില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവിനെ 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നുണ്ടെന്നും സർവേകൾ പറയുന്നു. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.