പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെങ്കിലും, വലിയ തോതിലുള്ള ആഘോഷങ്ങൾ ഒഴിവാക്കാനും പടക്കം പൊട്ടിക്കരുത് എന്നും ബി.ജെ.പി എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകി. അടുത്തിടെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതയോടെയുള്ള ഈ നടപടി.(BJP suggests simplifying celebrations in Bihar)
എൻ.ഡി.എ. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിൽ, വോട്ടെണ്ണലിന് മുന്നോടിയായി തന്നെ ബി.ജെ.പി. ക്യാമ്പ് ആഘോഷങ്ങൾക്ക് തയ്യാറെടുത്തിരുന്നു.
പാറ്റ്നയിലെ ഓഫീസിൽ പ്രവർത്തകർക്ക് പ്രസാദമായി വിതരണം ചെയ്യാൻ 501 കിലോഗ്രാം ലഡ്ഡു ബി.ജെ.പി. ഓർഡർ ചെയ്തിരുന്നു. ജനങ്ങൾ എൻ.ഡി.എയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തതിനാൽ വോട്ടെണ്ണൽ ദിനം ഹോളി, ദസറ, ദീപാവലി, ഈദ് പോലെ ആഘോഷിക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ആഹ്ളാദപ്രകടനങ്ങൾ ലളിതമാക്കാനും പടക്കം പൊട്ടിച്ച് വലിയ ആഘോഷങ്ങൾ ഒഴിവാക്കാനുമാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാന ചരിത്രത്തിൽ 1951-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 66.91 ശതമാനമാണ് ഇത്തവണ ബിഹാർ രേഖപ്പെടുത്തിയത്. അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളഞ്ഞ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ബി.ജെ.പി.യുടെ ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അനുകൂല പ്രവചനങ്ങൾ നടത്തിയതെന്നും ആരോപിച്ചു.