പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. വൻ വിജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഹുൽ ഗാന്ധിയുടെ '95 തിരഞ്ഞെടുപ്പ് പരാജയങ്ങൾ' എന്ന പേരിൽ, പരാജയങ്ങൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ പോസ്റ്റർ ബി.ജെ.പി. വ്യാപകമായി പ്രചരിപ്പിക്കുകയാണ്.(BJP mocks Rahul Gandhi over Bihar victory)
2004 മുതൽ 2025 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ ബി.ജെ.പി. ഐ.ടി. സെൽ തലവൻ അമിത് മാളവ്യയാണ് പോസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസ് എപ്പോഴെല്ലാം പരാജയപ്പെട്ടു എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
"രാഹുൽ ഗാന്ധിയുടെ മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു പരാജയം! തിരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാർഡുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം അവയെല്ലാം തൂത്തുവാരുമായിരുന്നു" എന്നാണ് ബി.ജെ.പി. പരിഹസിച്ചത്. ബിഹാർ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വലിയ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബി.ജെ.പി. ഈ പ്രചാരണം ശക്തമാക്കിയത്.