ബിഹാർ തിരഞ്ഞെടുപ്പ്: JDU സ്ഥാനാർത്ഥിയുടെ അറസ്റ്റ് ആയുധമാക്കി ഇന്ത്യ സഖ്യം | JDU

മോദിയുടെ റോഡ് ഷോ ഇന്ന് നടക്കാനിരിക്കുകയാണ്.
ബിഹാർ തിരഞ്ഞെടുപ്പ്: JDU സ്ഥാനാർത്ഥിയുടെ അറസ്റ്റ് ആയുധമാക്കി ഇന്ത്യ സഖ്യം | JDU
Published on

പട്ന: ബിഹാറിൽ ആദ്യഘട്ട പ്രചാരണം മറ്റന്നാൾ അവസാനിക്കാനിരിക്കെ, ജെ.ഡി.യു. സ്ഥാനാർത്ഥി ആനന്ദ് സിങ്ങിനെ അറസ്റ്റ് ചെയ്ത സംഭവം രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നൽകി. ജൻ സുരാജ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് ആനന്ദ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തത്.(Bihar elections, India alliance uses JDU candidate's arrest as weapon)

പട്നയ്ക്കടുത്ത് മൊകാമ സീറ്റിലെ ജെ.ഡി.യു. സ്ഥാനാർത്ഥിയാണ് ആനന്ദ് സിങ്. ജനസുരാജ് പ്രവർത്തകൻ ദുലർചന്ദ് യാദവ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിൽ സിങ്ങിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. യാദവിന് കാലിൽ വെടിയേറ്റിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

മുൻപ് അയോഗ്യൻ: നിരവധി കേസുകളിൽ പ്രതിയായ ആനന്ദ് സിങ് 2020-ൽ വിജയിച്ച ശേഷം ആയുധങ്ങൾ കൈവശം വെച്ച കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായിരുന്നു. ഹൈക്കോടതി വെറുതെവിട്ടതോടെയാണ് ഇത്തവണ മത്സരിക്കാൻ വഴിയൊരുങ്ങിയത്.

'ജംഗിൾ രാജ്' എന്ന് ജെ.ഡി.യു.വും ബി.ജെ.പി.യും ഉയർത്തുന്ന പ്രചാരണത്തെ ചെറുക്കാൻ ആനന്ദ് സിങ്ങിന്റെ അറസ്റ്റ് 'ഇന്ത്യ' സഖ്യം ആയുധമാക്കുകയാണ്. വിവാദത്തെ തുടർന്ന് പട്‌ന റൂറൽ എസ്.പി.യെ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ജെ.ഡി.യു. പ്രതികരിച്ചു.

പട്നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് നടക്കാനിരിക്കുകയാണ്. ബിഹാർ പ്രചാരണത്തിൽ മോദി ആദ്യമായാണ് റോഡ് ഷോയ്ക്ക് എത്തുന്നത്. മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി ആനന്ദ് സിങ്ങിനെ അറസ്റ്റ് ചെയ്ത് വിവാദം തണുപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നാണ് വിലയിരുത്തൽ.

തേജസ്വി യാദവിന്റെ പ്രചാരണം യുവാക്കളെ ആകർഷിക്കുന്നുവെന്ന സർവേ റിപ്പോർട്ടുകൾക്കിടെയാണ് ബി.ജെ.പി. മോദി നയിക്കുന്ന പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചത്. അതിനിടെ, ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് വീട്ടിൽ 'ഹാലോവീൻ' ആഘോഷിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി ബി.ജെ.പി. വിമർശനം ശക്തമാക്കി. ചെറുമക്കൾക്കൊപ്പം ലാലു ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കുംഭമേളയെ അപമാനിച്ച ലാലു പാശ്ചാത്യ ആഘോഷം ഏറ്റെടുക്കുന്നത് അപമാനകരമെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com